സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 2021 ജൂൺ 11, വെള്ളിയാഴ്ച്ച മുതൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ജൂൺ 9-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
യു എ ഇ പൗരന്മാർ, അവരുടെ ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ റെസിഡൻസി വിസകളുള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക ഉദ്യോഗസ്ഥർ, ബിസിനസ്സുകാർ തുടങ്ങിയവർക്ക് ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ട്രാൻസിറ്റ് വിമാനങ്ങൾ, ചരക്ക് വിമാനങ്ങൾ എന്നിവയ്ക്കും ഈ വിലക്ക് ബാധകമല്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ (യു എ ഇ നിലവിൽ യാത്രാവിലക്കേർപ്പെടുത്തിയിട്ടില്ലാത്ത) 14 ദിവസം താമസിച്ച ശേഷം യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.
യാത്രാ വിലക്കുകളിൽ ഇളവ് അനുവദിക്കപ്പെട്ടവർ 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് യു എ ഇയിലെത്തിയ ശേഷം 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഇവർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കുന്ന അവസരത്തിലും, രാജ്യത്തെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിലും PCR ടെസ്റ്റ് നിർബന്ധമാണ്.