സൗദി നാഷണൽ ഡേ: യു എ ഇയിൽ പ്രത്യേക ആഘോഷ പരിപാടികൾ

GCC News

സൗദി അറേബ്യയുടെ തൊണ്ണൂറ്റിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായി 2022 സെപ്റ്റംബർ 23-ന് യു എ ഇയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

“സൗദി അറേബ്യയും, യു എ ഇയും എക്കാലവും ഒരുമിച്ച്” എന്ന ആശയത്തിലൂന്നിയാണ് രാജ്യവ്യാപകമായി യു എ ഇ ഔദ്യോഗിക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഡമായ ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി യു എ ഇയിലെ പ്രധാന കെട്ടിടങ്ങളിലും, പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും സൗദി അറേബ്യയുടെ ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. യു എ ഇയിലെ ഷോപ്പിംഗ് മാളുകളിൽ പ്രത്യേക ആഘോഷപരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷത്തെ സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് 2022 സെപ്റ്റംബർ 19-ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി സെപ്റ്റംബർ 23 മുതൽ 26 വരെ ദുബായ് നഗരത്തിന്റെ വിവിധ മേഖലകളിൽ ഗംഭീരമായ ആഘോഷപരിപാടികൾ, വിനോദപരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ചില്ലറവിൽപ്പന മേഖലകളിൽ ആകർഷകമായ വിലക്കിഴിവുകൾ നൽകുന്ന പദ്ധതികളും, ഹോട്ടലുകളിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ഒരുക്കുന്നതാണ്.

WAM