അടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു. ജൂലൈ 6, തിങ്കളാഴ്ച നടന്ന പ്രത്യേക COVID-19 പത്രസമ്മേളനത്തിൽ, രാജ്യത്തെ നിലവിലെ വൈറസ് വ്യാപനത്തിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ്, യു എ ഇ സർക്കാർ വക്താവ് ഡോ. അംന അൽ ഷംസി ഇക്കാര്യം അറിയിച്ചത്.
ടെസ്റ്റിംഗ് വ്യാപകമാക്കുന്നതിലൂടെ, രാജ്യത്തെ കൂടുതൽ ജനങ്ങൾക്കിടയിൽ പരിശോധനകൾ നടത്തുന്നതിനും, രോഗവ്യാപനത്തിന്റെ തോതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നത് രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിന് വളരെ പ്രധാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയുള്ള ഈ പ്രവർത്തനത്തിലൂടെ രോഗബാധിതരെ കണ്ടെത്തി, അവരിൽ നിന്ന് രോഗം വ്യാപിക്കുന്നതിനുള്ള സാധ്യതകൾ തടയുന്നതിനാണ് അധികൃതർ ലക്ഷ്യംവെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തൊഴിലുകളിൽ ഉള്ള, സർക്കാർ ജീവനക്കാർ, പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ കൂടുതൽ ടെസ്റ്റിംഗ് നടപ്പിലാക്കുമെന്നും അൽ ഷംസി വ്യക്തമാക്കി.
രാജ്യത്ത് ഇളവുകൾ അനുവദിച്ചതോടെ ചില മേഖലകളിൽ നിന്ന്, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ അശ്രദ്ധ മൂലം രോഗം പടരാൻ ഇടയായത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതായും അവർ അറിയിച്ചു. ഏതാനം ദിനങ്ങളിലായി, രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന ചെറിയ വർദ്ധനവ് ഈ മുൻകരുതലുകളിലെ വീഴ്ചകൾ മൂലമാണെന്നും അവർ കൂട്ടിച്ചേർത്തു.
“ജനങ്ങളുടെ ജാഗ്രതക്കുറവ് മൂലം രോഗം വ്യാപിക്കാനിടയാക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. ഇതുവരെ രോഗവ്യാപനം തടയുന്നതിനായി രാജ്യം ഒറ്റകെട്ടായി കൈകൊണ്ട എല്ലാ പ്രയത്‌നങ്ങളും, നേട്ടങ്ങളും വിഫലമാക്കാനേ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കൂ.” അൽ ഷംസി മുന്നറിയിപ്പ് നൽകി.