യു എ ഇയിലെ COVID-19 വ്യാപനം തടയുന്നതിനായി, സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് സൗജന്യമായി കൊറോണാ വൈറസ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതായി, ആരോഗ്യ മന്ത്രാലയവും, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും (NCEMA), മെയ് 12-നു സംയുക്തമായി അറിയിച്ചു. അബുദാബി കിരീടാവകാശിയായ HH ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.
യു എ ഇയിലെ പൗരന്മാർ, അവരുടെ വീട്ടു ജോലിക്കാർ, ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ളവർ, ഗർഭിണികൾ, 50 വയസ്സിനു മുകളിൽ പ്രായമുള്ള നിവാസികൾ, കൊറോണാ വൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗംസ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർ മുതലായവർക്കാണ് സൗജന്യ COVID-19 പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സമൂഹത്തിലെ COVID-19 പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ രോഗ വ്യാപനം കണ്ടെത്തി തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ ടെസ്റ്റുകൾ അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
നിലവിൽ പരിശോധനകളുടെ സമയക്രമമോ, തീയ്യതികളോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആരോഗ്യ വകുപ്പ് അധികൃതർ താമസിയാതെ ഇത് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കുമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.