യു എ ഇ: ഫെബ്രുവരി 26 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് PCR ആവശ്യമില്ല

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 26, ശനിയാഴ്ച്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) തീരുമാനിച്ചു. 2022 ഫെബ്രുവരി 25-ന് രാത്രിയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർ, പള്ളികളിൽ പ്രവേശിക്കുന്ന വിശ്വാസികൾ, ചടങ്ങുകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ നിബന്ധനകളിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതാണ്. ഈ തീരുമാനം 2022 ഫെബ്രുവരി 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് NCEMA വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ COVID-19 രോഗവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് NCEMA അറിയിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:

  • COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ ഒഴിവാക്കും. ഇത്തരത്തിലുള്ള സർക്കാർ ജീവനക്കാർ അഞ്ച് ദിവസം ദിനം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
  • COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡ് ഒഴിവാക്കും. ഇവരുടെ ഐസൊലേഷൻ നിബന്ധനകളിൽ മാറ്റമില്ല.
  • പള്ളികളിലെ ബാങ്ക് വിളി, ഇക്കാമത്ത് എന്നിവ തമ്മിലുള്ള ഇടവേള COVID-19 മഹാമാരിയ്ക്ക് മുൻപ് ഉണ്ടായിരുന്ന സമയക്രമത്തിലേക്ക് തിരികെ മടങ്ങുന്നതാണ്. പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് പരിശുദ്ധ ഖുർആൻ ലഭ്യമാക്കുന്നതാണ്. പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള ഒരു മീറ്റർ സാമൂഹിക അകലം തുടരും.
  • യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
  • വാക്സിനെടുക്കാത്ത യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. COVID-19 രോഗമുക്തി നേടിയവർക്ക് (യാത്ര ചെയ്യുന്ന തീയതിയ്ക്ക് മുൻപ് ഒരു മാസത്തിനിടയിൽ രോഗമുക്തരായവർക്ക് ബാധകം) ഇത് തെളിയിക്കുന്ന രേഖകൾ (QR കോഡ് നിർബന്ധം) ഹാജരാക്കാവുന്നതാണ്.
  • രാജ്യത്ത് നടക്കുന്ന സാമൂഹിക, സാംസ്‌കാരിക ചടങ്ങുകൾ, പ്രദർശനങ്ങൾ, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവർക്ക് ഗ്രീൻ പാസ് സംവിധാനം, അല്ലെങ്കിൽ 96 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • വാണിജ്യ, ടൂറിസം മേഖലകളിലെ സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇൻഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം തുടരും.
  • രാജ്യത്ത് എല്ലാ തരത്തിലുള്ള കായിക വിനോദങ്ങളും (എല്ലാ പ്രായവിഭാഗങ്ങൾക്കും ബാധകം) പുനരാരംഭിക്കുന്നതിന് അനുമതി നൽകുന്നതാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന കാണികൾ പ്രവേശനം നേടുന്നതിനായി ഗ്രീൻ പാസ് സംവിധാനം, അല്ലെങ്കിൽ 96 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് എന്നിവ ഉപയോഗിക്കേണ്ടതാണ്. കായിക മത്സരങ്ങളുടെ വേദികളിൽ (ഇൻഡോർ, ഔട്ഡോർ ഉൾപ്പടെ) മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.

ഓരോ എമിറേറ്റുകളിലെയും പ്രാദേശിക അധികൃതർക്ക് ഈ നിർദ്ദേശങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് NCEMA അധികാരം നൽകിയിട്ടുണ്ട്.

With Inputs from WAM.