യു എ ഇ: മികച്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കാൻ തീരുമാനം

UAE

മികച്ച ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തുവർഷത്തെ റെസിഡൻസി വിസയായ “ഗോൾഡൻ റെസിഡൻസി” അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു. എമിറേറ്റസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മികവു പുലർത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനും, കഴിവുള്ള ആളുകൾക്ക് ആകർഷകവും പ്രോത്സാഹജനകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് യു എ ഇ സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് വഴി ഇത്തരം ഗോൾഡൻ റെസിഡൻസി വിസകൾക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

യു എ ഇയിലെ പൊതു, അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റിൽ ശരാശരി 95 ശതമാനമെങ്കിലും നേടിയ മികച്ച വിദ്യാർത്ഥികൾക്കും, നിർദ്ദിഷ്ട ശാസ്ത്രവിഷയങ്ങളിൽ 3.75 അല്ലെങ്കിൽ തത്തുല്യമായ സ്കോർ കരസ്ഥമാക്കിയ രാജ്യത്തിനകത്തോ പുറത്തോ ഉള്ള സർവ്വകലാശാല വിദ്യാർത്ഥികൾക്കുമാണ് ഇത്തരത്തിൽ ഗോൾഡൻ റെസിഡൻസി വിസ അനുവദിക്കുന്നത്.

WAM