യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന 3 പുതിയ ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അബുദാബിയിലെ ആരോഗ്യ സേവനദാതാക്കളായ SEHA യുടെ മേൽനോട്ടത്തിൽ അബുദാബിയിലും, ദുബായിലുമായാണ് 3400 പേരെ കിടത്തി ചികിത്സിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഫീൽഡ് ഹോസ്പിറ്റൽ സംവിധാനങ്ങൾ ഒരുങ്ങുന്നത്.
അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഖലീഫ ബിൻ മുഹമ്മദ് ബിൻ സയ്ദ് ഇതിൽ 2 ഫീൽഡ് ഹോസ്പിറ്റലുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം അബുദാബി മീഡിയ ഓഫീസ് പങ്കു വെച്ചിരുന്നു.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ 31,000 സ്ക്വയർ മീറ്ററിലാണ് ഫീൽഡ് ഹോസ്പിറ്റൽ ഒരുക്കുന്നത്. ഇവിടെ 1000 പേർക്ക് കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളും 150-ഓളം ആരോഗ്യ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കും. രണ്ടാമത്തെ ഫീൽഡ് ഹോസ്പിറ്റൽ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലാണ് പണികഴിപ്പിക്കുന്നത്. 29000 സ്ക്വയർ മീറ്ററിൽ പണിയുന്ന ഈ ആശുപത്രിയിൽ 1200 പേരെ ഒരേസമയം ചികിത്സിക്കാം. 200 മെഡിക്കൽ വിദഗ്ദ്ധരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുക. ഈ ഹോസ്പിറ്റൽ മെയ് ആദ്യ വാരത്തിൽ പ്രവർത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
29000 സ്ക്വയർ മീറ്ററിൽ 1200 കിടക്കകളോടെ ദുബായ് പാർക്സ് ആൻഡ് റിസോർട്സിലാണ് മൂന്നാമത്തെ ഫീൽഡ് ഹോസ്പിറ്റൽ പണികഴിപ്പിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിടുന്ന ഈ ആശുപത്രിയിൽ 200 ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും.