യു എ ഇ: ഫെബ്രുവരി 15 മുതൽ സിനിമാശാലകൾ പൂർണ്ണശേഷിയിൽ തുറക്കുമെന്ന് മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു

GCC News

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ സിനിമാശാലകൾ പൂർണ്ണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് യൂത്തിന് കീഴിലെ മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

COVID-19 പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ പരിപാടികളിലും, വാണിജ്യ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കാനുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ (NCEMA) തീരുമാനത്തെത്തുടർന്നാണ് മീഡിയ റെഗുലേറ്ററി ഓഫീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

“സിനിമാശാലകളിൽ അനുവദിക്കുന്ന സന്ദർശകരുടെ എണ്ണം പൂർണ്ണശേഷിയിലേക്ക് ഉയർത്താനുള്ള തീരുമാനം രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ വിജയത്തെ എടുത്തകാട്ടുന്നു.”, മീഡിയ റെഗുലേറ്ററി ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റാഷിദ് ഖൽഫാൻ അൽ നുഐമി വ്യക്തമാക്കി.

വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങൾ ഫെബ്രുവരി പകുതി മുതൽ പടിപടിയായി ഒഴിവാക്കുമെന്ന് NCEMA 2022 ഫെബ്രുവരി 9-ന് അറിയിച്ചിരുന്നു. 2022 ഫെബ്രുവരി പകുതിയോടെ, യു എ ഇയിലെ വാണിജ്യ, ടൂറിസം, വിനോദ മേഖലകളിലും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പടിപടിയായി ഒഴിവാക്കുന്നതും, ഇവയുടെ പ്രവർത്തനം പൂർണ്ണമായ ശേഷിയിൽ അനുവദിക്കുന്നതുമാണെന്ന് NCEMA അറിയിച്ചിരുന്നു.

WAM