യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ നിയമനടപടികൾ

GCC News

COVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും യു എ ഇ പൗരന്മാരും ഇത്തരത്തിൽ നിയമലംഘനങ്ങൾക്ക് യു എ ഇയിൽ പിടിക്കപ്പെട്ടിട്ടുണ്ട്.

ക്വാറന്റീൻ നിർദ്ദേശങ്ങളുടെ ലംഘനം, കർഫ്യു നിയന്ത്രണങ്ങളുടെ ലംഘനം, പൊതു ഇടങ്ങളിലും മറ്റും അനധികൃതമായി ഒത്തുചേരൽ മുതലായ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടവർക്കെതിരെയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഇവർക്കെതിരെ നിയമനടപടികൾ കൈക്കൊണ്ടതായും, കുറ്റപത്രം തയ്യാറാക്കിയതായും അധികൃതർ വ്യക്തമാക്കി. ഇവരുടെ നിയമ ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 3000 മുതൽ 50,000 ദിർഹം വരെയാണ് പിഴകൾ ചുമത്തിയിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തെ ആരോഗ്യ സുരക്ഷാ നിയമങ്ങളും, നിർദ്ദേശങ്ങളും പാലിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ച പ്രോസിക്യൂഷൻ വകുപ്പ്, നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് സമൂഹത്തിനെ ഓർമപ്പെടുത്തി.