യു എ ഇ: ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ജനുവരി 24 മുതൽ പുനരാരംഭിക്കും

GCC News

യു എ ഇയിലെ ഏതാനം വിഭാഗം വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ഇന്ന് (2022 ജനുവരി 24, തിങ്കളാഴ്ച്ച) മുതൽ പുനരാരംഭിക്കുന്നതാണ്. രാജ്യത്തെ വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാർത്ഥികളെ പടിപടിയായി തിരികെ പ്രവേശിപ്പിക്കാനുള്ള നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

രണ്ട് ഘട്ടങ്ങളിലായാണ് രാജ്യത്തെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കുന്നതെന്ന് NCEMA നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം, വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ ആദ്യ വിഭാഗം ജനുവരി 24 മുതലും, രണ്ടാം വിഭാഗം ജനുവരി 31 മുതലും വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതാണ്.

2022 ജനുവരി 24 മുതൽ നഴ്‌സറി, കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ, ഗ്രേഡ് ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾ, പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, അന്തർദ്ദേശീയ, പ്രധാന പരീക്ഷകൾക്ക് പഠിക്കുന്നവർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങളാണ് വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നത്. ശേഷിക്കുന്ന സ്കൂൾ തലങ്ങളും ഗ്രേഡുകളും ഉൾപ്പെടുന്ന രണ്ടാമത്തെ ഗ്രൂപ്പ് ജനുവരി 31-ന് സ്കൂളുകളിൽ തിരിച്ചെത്തുന്നതാണ്.

ജനുവരി 19-ന് വൈകീട്ട് നടന്ന യു എ ഇ സർക്കാരിന്റെ പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയുടെ ഔദ്യോഗിക വക്താവ് ഹസാ അൽ മൻസൂരി ഇക്കാര്യം അറിയിച്ചിരുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായുള്ള COVID-19 മുൻകരുതൽ നടപടിക്രമങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്.

വ്യക്തിഗത വിദ്യാഭ്യാസത്തിന്റെ സുഗമമായ തിരിച്ചുവരവ് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം താഴെ പറയുന്ന പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്:

  • ആദ്യദിനം വിദ്യാലയങ്ങളിലെത്തുന്ന എല്ലാ വിദ്യാർത്ഥികളും 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത PCR പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്.
  • കൂടാതെ വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയിലൊരിക്കൽ PCR പരിശോധന നിർബന്ധമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
  • സ്കൂളുകളിൽ നിന്നുള്ള പഠനയാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ്. സ്കൂളുകളിലെ കായിക, സാംസ്കാരിക പ്രവർത്തനങ്ങൾ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി തുടരുന്നതാണ്.
  • രാജ്യത്തെ സ്ഥിതിഗതികൾ പുനഃപരിശോധിക്കുന്നത് വരെ കുട്ടികൾ വിദൂരമായി വിദ്യാഭ്യാസം തുടരണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് റിമോട്ട് ലേണിംഗ് ഓപ്ഷൻ ലഭ്യമാക്കും.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് രക്ഷിതാക്കൾ അൽ ഹോസ്‌ൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനം ഉപയോഗിക്കേണ്ടതും, 96 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത PCR പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുമാണ്.