യു എ ഇ: വ്യാപാരാവശ്യങ്ങൾക്കായി വിദേശത്ത് നിന്നെത്തുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

GCC News

വ്യാപാര സംബന്ധമായ ആവശ്യങ്ങൾക്കായി യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ പ്രവേശന മാനദണ്ഡങ്ങൾ പുതുക്കിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് NCEMA ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബർ 19-ന് രാത്രി നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാനദണ്ഡങ്ങൾ യു എ ഇയിലേക്ക് പ്രവേശിക്കുന്ന റെസിഡൻസി സ്റ്റാറ്റസുള്ള ബിസിനസ് യാത്രികർക്കും, വിസിറ്റ് വിസകളിലെത്തുന്ന ബിസിനസ് യാത്രികർക്കും ബാധകമാണ്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:

  • ഇത്തരം യാത്രികർ ICA വെബ്സൈറ്റിലൂടെ അറൈവൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
  • ഇത്തരം യാത്രികർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റിയിൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്.
  • ഇത്തരം യാത്രികർക്ക് ഫെഡറൽ അധികൃതരിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ്, യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് എന്നിവ നിർബന്ധമാണ്.
  • ഇവർക്ക് യു എ ഇയിലെ എയർപോർട്ടിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നിർബന്ധമാണ്.
  • ഇവർക്ക് യു എ ഇയിലെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിൽ PCR ടെസ്റ്റുകൾ നിർബന്ധമാണ്.

WAM