COVID-19 വാക്സിൻ കുത്തിവെപ്പ് എടുക്കാത്ത സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്ക് ഏഴു ദിവസത്തെ ഇടവേളകളിൽ COVID-19 PCR പരിശോധന നിർബന്ധമാക്കിയതായി FAHR നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ നിബന്ധനകളിൽ വരുത്തിയിട്ടുള്ള ഏതാനം മാറ്റങ്ങളാണ് FAHR ജനുവരി 25-ന് പ്രഖ്യാപിച്ചിട്ടുള്ളത്.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വാക്സിനേഷനിൽ പങ്കെടുക്കുന്നതിനെ അടിസ്ഥാനമാക്കി താഴെ പറയുന്ന COVID-19 PCR പരിശോധനാ നിബന്ധനകളാണ് FAHR നിലവിൽ അറിയിച്ചിട്ടുള്ളത്:
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള നിർദ്ദേശങ്ങൾ:
- ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ജീവനക്കാർ, രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്നതിനിടയിലുള്ള കാലയളവിൽ ഓരോ 7 ദിവസത്തിനിടയിലും ഓരോ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- രണ്ട് ഡോസ് കുത്തിവെപ്പും സ്വീകരിച്ചിട്ടുള്ളവർ, അത് തെളിയിക്കുന്ന രേഖകൾ കൈവശം കരുതേണ്ടതാണ്. ഈ രേഖകൾ ഉള്ളവർക്ക് മാത്രമാണ് PCR പരിശോധനയിൽ ഇളവ് അനുവദിക്കുന്നത്.
വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലാത്ത ജീവനക്കാർക്കുള്ള നിർദ്ദേശങ്ങൾ:
- ഇത്തരം ജീവനക്കാർ ഓരോ ഏഴു ദിവസത്തെ ഇടവേളയിലും സ്വന്തം ചെലവിൽ ഓരോ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- ആരോഗ്യ പരമായ കാരണങ്ങൾ കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള ജീവനക്കാർ, അംഗീകൃത ആരോഗ്യ അധികൃതർ സാക്ഷ്യപ്പെടുത്തിയ ഇത് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്. ഇവർക്ക് സ്ഥാപനത്തിന്റെ ചെലവിൽ ഏഴു ദിവസത്തെ ഇടവേളകളിൽ PCR ടെസ്റ്റ് നടത്തുന്നതാണ്.
സർക്കാർ മേഖലയിൽ വിദഗ്ദ്ധോപദേശം നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ, പുറത്ത് നിന്നുള്ള വിദഗ്ദ്ധർ തുടങ്ങിയവർക്കുള്ള നിർദ്ദേശങ്ങൾ:
- സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക യോഗങ്ങൾക്കും, മറ്റു ആവശ്യങ്ങൾക്കും സന്ദർശകരായെത്തുന്ന, സർക്കാർ മേഖലയിൽ വിദഗ്ദ്ധോപദേശം നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ, പുറത്ത് നിന്നുള്ള വിദഗ്ദ്ധർ തുടങ്ങിയവർക്ക്, ഇത്തരം സന്ദർശനങ്ങൾക്ക് മുൻപ് മൂന്ന് ദിവസത്തിനകം ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
- രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച പുറത്ത് നിന്നുള്ള ഇത്തരം വിദഗ്ദ്ധർക്ക് മാത്രം ഇതിൽ ഇളവ് അനുവദിക്കുന്നതാണ്.
ജനുവരി 24 മുതൽ ഈ നിബന്ധനകൾ പ്രാബല്യത്തിൽ വന്നതായും FAHR വ്യക്തമാക്കിയിട്ടുണ്ട്.