യു എ ഇ: ഈദ് സംബന്ധമായ ഒത്തുചേരലുകൾ ഒഴിവാക്കാൻ ആഹ്വാനം

GCC News

COVID-19 വ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാൽ, ഈ വർഷത്തെ ഈദ് വേളയിലെ ഒത്തുകൂടലുകളും, സുഹൃത്തുക്കളും, കുടുംബങ്ങളും കൂടിച്ചേർന്നുള്ള ആഘോഷങ്ങളും ഒഴിവാക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. മെയ് 16-ലെ കൊറോണ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ്, യു എ ഇ സർക്കാർ വക്താവായ ഡോ. അംന അൽ ദഹക് അൽ ഷംസി, സമൂഹ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്.

അസാധാരണമായ സാഹചര്യങ്ങളിലാണ് ഇത്തവണത്തെ ഈദ് വരുന്നതെന്നും, ഈ വേളയിൽ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും സന്ദർശിക്കുന്നതും, സല്‍ക്കാരങ്ങളും ഒഴിവാക്കണമെന്നും അംന അൽ ഷംസി ആഹ്വാനം ചെയ്തു. ആളുകൾ ഒത്തുചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും, രോഗവ്യാപനം തടയാൻ സമൂഹ അകലം നിർബന്ധമാണെന്നും അവർ ജനങ്ങളെ ഓർമിപ്പിച്ചു.

കുടുംബങ്ങൾ ഒത്തു ചേരുമ്പോൾ പ്രായമായവർക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും, കുട്ടികൾക്കും രോഗം പകരുന്നതിനുള്ള സാധ്യതകൾ കൂടുതലാണെന്നും, COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത രോഗബാധിതരിൽ നിന്നും രോഗം വ്യാപിക്കാമെന്നും ഡോ. അൽ ഷംസി മുന്നറിയിപ്പ് നൽകി.