ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: യു എ ഇ, യു എസ് പ്രസിഡന്റുമാർ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ചർച്ച നടത്തി

GCC News

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടിയ്ക്കിടെ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും, തങ്ങളുടെ ഭാവി അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സഹകരണവും, സംയുക്ത പ്രവർത്തനവും വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മരണത്തിൽ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിനെയും യു എ ഇ ജനതയെയും പ്രസിഡന്റ് ബൈഡൻ അനുശോചനം അറിയിച്ചു. യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അദ്ദേഹം അഭിനന്ദിക്കുകയും അമേരിക്ക സന്ദർശിക്കാനായി ക്ഷണിക്കുകയും ചെയ്തു.

തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ യു എ ഇയും യു എസും തമ്മിൽ അടുത്ത ഏകോപനം ആവശ്യമായി വരുന്ന നിരവധി പ്രാദേശിക, അന്തർദേശീയ അവസരങ്ങളും വെല്ലുവിളികളും ഇരു നേതാക്കളും ചർച്ച ചെയ്തു. വാണിജ്യം, നിക്ഷേപം, സുസ്ഥിര വികസന മേഖലകൾ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, ഭക്ഷ്യസുരക്ഷ, പുരോഗതിക്കും സ്ഥിരതയ്ക്കും അടിത്തറയായി വർത്തിക്കുന്ന മറ്റ് സുപ്രധാന മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങൾ, ഇരുവരും ചർച്ച ചെയ്തു.

പ്രസിഡന്റ് ബൈഡൻ മുന്നോട്ട് വെച്ച ആത്മാർത്ഥമായ വികാരങ്ങൾക്കും, ഷെയ്ഖ് ഖലീഫയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ നേതൃത്വത്തിലെത്തിയ യു എസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനും ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചു.

WAM