സാമൂഹിക ഒത്തുചേരലുകൾ ഇപ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നുണ്ടെന്നതിനാൽ, ഇതിനെതിരെ ജാഗ്രത പുലർത്താൻ പൊതുസമൂഹത്തോട് യു എ ഇ സർക്കാർ ആവശ്യപ്പെട്ടു. യു എ ഇയിൽ COVID-19 രോഗബാധിതനായ ഒരു വ്യക്തിയുടെ ഭാഗത്തു നിന്ന് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ച്ചകൾ മൂലം 45 പേരിലേക്ക് രോഗം പടരാനിടയായത് ചൂണ്ടികാട്ടിക്കൊണ്ട് സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദിയാണ് പൊതുജനങ്ങളോട് ജാഗ്രത പുലർത്താനും, ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനും മുന്നറിയിപ്പ് നൽകിയത്. സെപ്റ്റംബർ 8, ചൊവ്വാഴ്ച്ച നടന്ന COVID-19 അവലോകന പ്രത്യേക പത്രസമ്മേളനത്തിൽ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
COVID-19 രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഒരു വ്യക്തി, ആരോഗ്യ പ്രവർത്തകരിൽ നിന്ന് അക്കാര്യം മറച്ചു വെക്കുകയും, ആരോഗ്യ സഹായം തേടാതിരിക്കുകയും ചെയ്തതിനൊപ്പം, മറ്റുള്ളവരുമായി സാമൂഹികമായി ഇടപഴകാനിടയായതായും, ഈ പ്രവർത്തി മൂലം മൂന്ന് വ്യത്യസ്ഥ കുടുംബങ്ങളിലെ 45 പേരിലേക്ക് രോഗവ്യാപനത്തിടയാക്കിയതായും ഡോ. ഒമർ അൽ ഹമ്മാദി ഒത്തുചേരലുകളുടെ അപകടസാധ്യത വ്യക്തമാക്കിക്കൊണ്ട് അറിയിച്ചു. ഇതിൽ കൊറോണ വൈറസ് രോഗബാധയെത്തുടർന്ന്, ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനിടയായ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന പ്രായമായ ഒരാൾ മരണപ്പെട്ടതായും അൽ ഹമ്മാദി കൂട്ടിച്ചേർത്തു.
“ഇത്തരത്തിൽ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റങ്ങൾ കൊറോണ വൈറസ് പ്രതിരോധത്തിൽ സമൂഹത്തെ പിന്നോട്ട് നയിക്കുന്നതാണ്. വൈറസ് പ്രതിരോധത്തിൽ സമൂഹത്തിലെ മുഴുവൻ പേർക്കും ഉത്തരവാദിത്വങ്ങളുണ്ട്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും, സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കേണ്ടതും സമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. കൊറോണ വൈറസ് പോരാട്ടത്തിന്റെ മുന്നണി പോരാളികളുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും, അവർക്ക് പിന്തുണ നൽകുന്നതിനും ഉത്തരവാദിത്വത്തോടെ എല്ലാവരും തങ്ങളുടെ കടമകൾ നിറവേറ്റേണ്ടതാണ്. കേവലം ഒരു വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അശ്രദ്ധ, അവജ്ഞ എന്നിവ മുഴുവൻ സമൂഹത്തിന്റെയും സുരക്ഷയെ ബാധിക്കാവുന്നതാണ്.”, അദ്ദേഹം വ്യക്തമാക്കി.
മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം ഉറപ്പാക്കൽ, കൈകളുടെ ശുചിത്വം, ആരോഗ്യകരമായ ജീവിത ശൈലി, ആരോഗ്യകരമായ ഭക്ഷണ ശൈലി, കൃത്യമായ വ്യായാമം, പുകവലി ഒഴിവാക്കൽ മുതലായവ വൈറസ് വ്യാപനം തടയുന്നതിനും, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.