തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഉള്ളടക്കം പങ്ക് വെക്കുന്നവർക്ക് യു എ ഇ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 6-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
UAE Attorney-General warns against sharing incident site images, misleading digital content#WamNews https://t.co/gMbT7a7RtA pic.twitter.com/16nuGi3NnF
— WAM English (@WAMNEWS_ENG) March 6, 2026
മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതിനെതിരെയും യു എ ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം സംഭവ സ്ഥലങ്ങളുടെയോ, മിസൈൽ, ഡ്രോൺ ഭാഗങ്ങൾ പതിച്ച് സംഭവിക്കുന്ന കേടുപാടുകളുടെയോ ഫോട്ടോ, വീഡിയോ എന്നിവ എടുക്കരുതെന്നും, അവ ഓൺലൈൻ അല്ലെങ്കിൽ മറ്റു സംവിധാനങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്നും, പങ്ക് വെക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കഴിവുള്ള ദേശീയ സ്ഥാപനങ്ങൾ ഉയർന്ന കാര്യക്ഷമതയോടെ അവരുടെ കടമകൾ നിർവഹിക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ദൈനംദിന ജീവിതം സാധാരണ നിലയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും ചില വ്യക്തികൾ സംഭവ സ്ഥലങ്ങൾ ചിത്രീകരിക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതും, പൊതു ക്രമസമാധാനത്തിന് ഹാനികരമാകുന്നതുമായ ഇത്തരം ദൃശ്യങ്ങളോ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൃത്രിമബുദ്ധി അല്ലെങ്കിൽ ഡിജിറ്റൽ കൃത്രിമത്വം വഴി നിർമ്മിക്കുന്ന വ്യാജ വീഡിയോ ക്ലിപ്പുകളോ ദൃശ്യങ്ങളോ പങ്കിടുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
WAM

