എമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി. എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വകുപ്പാണ് ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
മാർച്ച് 25-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. റമദാനിൽ പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം ഉം അൽ കുവൈനിൽ റമദാൻ പ്രമാണിച്ച് താഴെ പറയുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്:
- കുടുംബ സംഗമങ്ങൾ, കുടുംബ സന്ദർശനങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി. ഇത്തരം ഒത്ത് ചേരലുകൾക്കായി ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
- കുടുംബങ്ങൾ തമ്മിൽ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
- എമിറേറ്റിൽ ഇഫ്‌താർ ടെന്റുകൾ, റമദാൻ ടെന്റുകൾ എന്നിവയ്ക്ക് അനുമതിയില്ല.
- ആളുകൾ ഒത്ത് ചേരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.
- തൊഴിലിടങ്ങളിൽ ഖുർആൻ, മറ്റു പാരിതോഷികങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി.
- റെസ്റ്റോറന്റുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകളിലോ, അവയുടെ പരിസരങ്ങളിലോ സുഹുർ ഭക്ഷണം വിതരണം ചെയ്യുന്നതിന് വിലക്ക്.
- പ്രത്യേക അനുമതിയുള്ള റെസ്റ്റോറന്റുകൾക്ക് ലേബർ ക്യാമ്പുകളിൽ ഇഫ്‌താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുമതി നൽകും. എന്നാൽ ക്യാമ്പ് മാനേജ്മെന്റിന്റെ സമ്മതപ്രകാരമായിരിക്കും ഇത് അനുവദിക്കുന്നത്. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമായി പ്രത്യേക ബാഗുകളിലോ, പെട്ടികളിലോ വേണം എത്തിക്കേണ്ടത്.
- സകാത്ത്, മറ്റു സംഭാവനകൾ എന്നിവ നൽകുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.
- സ്ത്രീകളുടെ പ്രാർത്ഥനാ മുറികൾ, ഹൈവേകളിലുള്ള പ്രാർത്ഥനാ മുറികൾ എന്നിവ അടച്ചിടുന്നതാണ്.
- തറാവീഹ് പ്രാർത്ഥനകൾ സംബന്ധിച്ച് അധികൃതർ മുൻപ് നൽകിയ പ്രത്യേക നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. പള്ളികളിൽ പരമാവധി 30 മിനിറ്റാണ് ഇത്തരം പ്രാർത്ഥനകൾക്കായി അനുവദിക്കുന്നത്. ഖുർആൻ പാരായണത്തിനായി പള്ളികളിലേക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ കൊണ്ട് വരേണ്ടതാണ്.
- റമദാനിലെ അവസാന 10 ദിനങ്ങളിലെ രാത്രിയുള്ള പ്രത്യേക പ്രാർത്ഥനകൾ സംബന്ധിച്ച് അധികൃതർ പിന്നീട് അറിയിപ്പ് നൽകുന്നതാണ്.
ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഈ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് 901 അല്ലെങ്കിൽ 06-7062000 എന്നീ നമ്പറുകളിലൂടെ അധികൃതരുമായി വിവരങ്ങൾ പങ്ക് വെക്കാവുന്നതാണ്.