എമിറേറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തുന്ന പഠനരീതി താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയവും, ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗവും അറിയിച്ചു. ഉം അൽ കുവൈനിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പഠനരീതി 100 ശതമാനം ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറ്റുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 14-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഉം അൽ കുവൈനിലെ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ പഠനരീതി തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉം അൽ കുവൈനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന മുഴുവൻ വിദ്യാലയങ്ങൾക്കും, നഴ്സറികൾക്കും ഈ തീരുമാനം ബാധകമാണ്.
COVID-19 പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ നിലനിർത്താൻ ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. നേരത്തെ അജ്മാനിലും സമാനമായ ഒരു തീരുമാനം കൈക്കൊണ്ടതായി മന്ത്രാലയം അറിയിച്ചിരുന്നു. ഷാർജയിലെ സ്വകാര്യ വിദ്യാലങ്ങളിലും ഫെബ്രുവരി 14 മുതൽ ഫെബ്രുവരി 28 വരെ ഓൺലൈൻ പഠനരീതി ഏർപ്പെടുത്തിയിട്ടുണ്ട്.