സൗദി: ഉംറ തീർത്ഥാടകരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ നിർദ്ദേശം

GCC News

ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരോട് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സലേഹ് ബെന്തൻ നിർദ്ദേശിച്ചു. ഉംറ തീർത്ഥാടനം തീർത്തും സുരക്ഷിതമായി, മുഴുവൻ COVID-19 മുൻകരുതൽ നടപടികളോടെയും നടന്നു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം ജിദ്ദയിൽ സൗദി പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ വിവരങ്ങൾ അറിയിച്ചത്.

തീർത്ഥാടനത്തിനിടയിൽ ഉണ്ടായേക്കാവുന്ന വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുഴുവൻ മുൻകരുതൽ നടപടികളും, സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടപ്പിലാക്കിയതായും അദ്ദേഹം അറിയിച്ചു. തീർത്ഥാടകർക്കിടയിൽ സമൂഹ അകലം, സാനിറ്റൈസറുകളുടെ ഉപയോഗം, മാസ്കുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കുന്നതിനായി രോഗബാധയേൽക്കാൻ സാധ്യതയുള്ള പ്രായമായവരെ തീർത്ഥാടനത്തിൽ നിന്ന് ഒഴിവാക്കുന്നതായും അദ്ദേഹം
കൂട്ടിച്ചേർത്തു. തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർ പൂർണ്ണ സുരക്ഷ മുൻനിർത്തി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നത് അഭികാമ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.