ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച്ച വരെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം പേർ ഉംറ തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സൗദി ഹജ്ജ് ഉംറ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി ഏതാണ്ട് 9 ലക്ഷം പേർ രജിസ്റ്റർ ചെയ്തതായും ഹജ്ജ് ഉംറ വകുപ്പ് വ്യക്തമാക്കി.
സൗദിയിലെ ഉംറ തീർത്ഥാടനത്തിനുള്ള സ്മാർട്ട് ആപ്പ് Eatmarna-യിലൂടെയാണ് ഇത്തരം രജിസ്‌ട്രേഷൻ നടത്തുന്നത്. ഉംറ തീർത്ഥാടനത്തിനുള്ള ‘Eatmarna’ സ്മാർട്ട് ആപ്പിൽ തീർത്ഥാടന പെർമിറ്റിനൊപ്പം ഗ്രാൻഡ് മോസ്‌ക്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും, പ്രവാചകന്റെ പള്ളിയിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിനുള്ള പെർമിറ്റുകളും ലഭിക്കുന്നതിനായി അപേക്ഷകൾ നൽകാവുന്നതാണ്.
ഏതാണ്ട് ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ഒക്ടോബർ 4 മുതൽ പുനരാരംഭിച്ച ഉംറ തീർത്ഥാടനത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരെയും, പ്രവാസികളെയും മാത്രമാണ് പങ്കെടുക്കാൻ അനുവദിച്ചിരുന്നത്. നവംബർ 1-ന് ആരംഭിച്ച മൂന്നാം ഘട്ടത്തിൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഉംറ പെർമിറ്റുകൾ നേടി വിദേശങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിൽ മൂന്ന് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ക്വാറന്റീനിനു ശേഷമാണ് ഇവരെ ഉംറ തീർത്ഥാടനത്തിനായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന വിദേശ തീർത്ഥാടകർക്ക് 3 ദിവസത്തെ ക്വാറന്റീൻ ഉൾപ്പടെ, ആകെ പത്ത് ദിവസമാണ് സൗദിയിൽ തങ്ങാൻ അനുവാദം നൽകുന്നത്.
ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുളള വിദേശ തീർത്ഥാടകർ നവംബർ 1 മുതൽ സൗദിയിൽ എത്തിത്തുടങ്ങിയിരുന്നു. ആദ്യ സംഘം വിദേശ തീർത്ഥാടകർ, 3 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം നവംബർ 4 മുതലും, രണ്ടാം സംഘം നവംബർ 6 മുതലും ഉംറ തീർത്ഥാടനം ആരംഭിച്ചിരുന്നു.
ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്നത്. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി 60000 പേർക്ക് പ്രതിദിനം പ്രവേശനാനുവാദം നൽകുന്നുണ്ട്. തീർത്ഥാടനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി 20 തീർത്ഥാടകർ അടങ്ങുന്ന 500 സംഘങ്ങളായാണ് തീർത്ഥാടന ചടങ്ങുകളിലേക്ക് ഇവർക്ക് പ്രവേശനം നൽകുന്നത്. 18-നും, 50-നും ഇടയിൽ പ്രായമുള്ള വിദേശികൾക്കാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്. വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് ഫലം നിർബന്ധമാണ്.