ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ അന്തരിച്ചു. 76 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
അടുത്തിടെ ഹൃദയ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന അദ്ദേഹം ഒക്ടോബർ 8-ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി (Cabinet Minister of Consumer Affairs, Food and Public Distribution)ആയിരുന്നു അദ്ദേഹം.
അൻപത് വർഷത്തിലധികമായി രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന രാംവിലാസ് പസ്വാന്‍, രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളിൽ ഒരാളാണ്. ബീഹാറിൽ നിന്നും രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച അദ്ദേഹം പ്രവർത്തന മികവുകൊണ്ട് മുൻനിര രാഷ്ട്രീയ സ്ഥാനങ്ങൾ കരസ്ഥമാക്കുകയായിരുന്നു.