ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) അറിയിച്ചു. 2022 മാർച്ച് 24-നാണ് ENEC ഇക്കാര്യം അറിയിച്ചത്.
യൂണിറ്റ് 2-ലെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യു എ ഇയുടെ ദേശീയ വൈദ്യുതി ഗ്രിഡിലേക്ക് 1400 മെഗാവാട്ട് സീറോ-കാർബൺ എമിഷൻ വൈദ്യുതി ലഭ്യമാക്കുന്ന നടപടികൾക്ക് തുടക്കമായി. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-ൽ നിന്ന് 1400 മെഗാവാട്ട് വൈദ്യുതി ഉത്പാദനം നേരത്തെ ആരംഭിച്ചിരുന്നു.
യൂണിറ്റ് 2-ൽ നിന്നുള്ള വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് വിതരണം ചെയ്യാനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിന്റെ പാതിവഴിയിലേക്ക് എത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ ENEC-ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും സാധിച്ചിട്ടുണ്ട്. യൂണിറ്റ് 2 വാണിജ്യപരമായി പ്രവർത്തനക്ഷമമായതോടെ, അറബ് ലോകത്തെ ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് പ്ലാന്റായ ബറാഖ പ്ലാന്റ്, ഈ മേഖലയിലെ ഏതൊരു വ്യവസായത്തിന്റെയും ഏറ്റവും വലിയ ഡീകാർബണൈസേഷനിൽ നേതൃത്വം നൽകുന്നു.
ഓരോ ദിവസവും ആയിരക്കണക്കിന് മെഗാവാട്ട് കാർബൺ രഹിത വൈദ്യുതി വിതരണം ചെയ്യുന്ന ഈ പ്ലാന്റ് അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി 2021 സെപ്റ്റംബർ 14-ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു. യൂണിറ്റ് 2-നെ രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയോട് സംയോജിപ്പിച്ച ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഈ യൂണിറ്റിൽ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികൾ ENEC നടത്തിവരികയായിരുന്നു.
WAM