ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധം

Oman

വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഇന്ന് (2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഓഗസ്റ്റ് 31-ന് രാത്രി ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടുണ്ട്.

“ഒമാനിലേക്കെത്തുന്ന മുഴുവൻ യാത്രികർക്കും 2021 സെപ്റ്റംബർ 1 മുതൽ COVID-19 വാക്സിനേഷൻ നിർബന്ധമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ നിബന്ധന ബാധകമാണ്.”,സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ സെപ്റ്റംബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ ഔദ്യോഗിക രേഖകൾ ഹാജരാക്കേണ്ടി വരുന്നതാണ്.

ഒമാനിലേക്കുള്ള എല്ലാ കര, കടൽ അതിർത്തികളിലൂടെയും, വിമാനത്താവളങ്ങളിലൂടെയും വിദേശത്ത് നിന്ന് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും 2021 സെപ്റ്റംബർ 1 മുതൽ ഈ നിബന്ധന ബാധകമാക്കാൻ ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം വിദേശത്തേക്ക് യാത്ര ചെയ്തവർ ഉൾപ്പടെ ഏതാനം വിഭാഗങ്ങൾക്ക് തിരികെ പ്രവേശിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്:

ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർ, ഒമാൻ സർക്കാർ, സ്വകാര്യ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾ, വാക്സിനെടുക്കാത്ത റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് ഈ നിബന്ധന കൂടാതെ തിരികെ പ്രവേശിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ഏതാനം നിബന്ധനകളോടെയാണ് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

  • ഇവർക്ക് ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • ഇവർ ഒമാനിലെത്തിയ ശേഷം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർക്ക് 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ ഈ കാലയളവിൽ കൈകളിൽ ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് ധരിക്കേണ്ടതാണ്.
  • ഇവർ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ അൽ സൈദി നേരത്തെ അറിയിച്ചിരുന്നു.

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.