ഖത്തർ: വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് ആഴ്ച്ച തോറും COVID-19 ടെസ്റ്റ് നിർബന്ധം; വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇളവ്

GCC News

രാജ്യത്തെ വിദ്യാലയങ്ങളിലെ ജീവനക്കാരുടെയും, വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി മുഴുവൻ സ്‌കൂൾ ജീവനക്കാരോടും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ആഹ്വാനം ചെയ്തു. വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർ ‘Ehteraz’ ആപ്പിൽ തങ്ങൾ വാക്സിൻ സ്വീകരിച്ചതായി തെളിയിക്കുന്ന സ്റ്റാറ്റസ്, അല്ലെങ്കിൽ ആഴ്ച്ച തോറുമുള്ള COVID-19 ടെസ്റ്റ് നടത്തിയതിന്റെ രേഖ, ഇവയിലൊന്ന് നിർബന്ധമായും ഹാജരാക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മാർച്ച് 3-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മാർച്ച് 21 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

വാക്സിനേഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ‘Ehteraz’ ആപ്പിൽ ഒരു ഗോൾഡൻ ഫ്രെയിം ലഭിക്കുന്നതാണ്. ഈ സ്റ്റാറ്റസ് അല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചതായി തെളിയിക്കുന്ന കാർഡ് എന്നിവയാണ് ജീവനക്കാർ ഹാജരാക്കേണ്ടത്. വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ആഴ്ച്ച തോറും COVID-19 ടെസ്റ്റ് നിർബന്ധമാണ്.