ബഹ്‌റൈൻ: വാക്സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ച പ്രശ്നങ്ങൾ BeAware ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

വാക്സിനെടുത്തവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ‘BeAware Bahrain’ ഉപയോഗിച്ച് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇനിമുതൽ 444 എന്ന നമ്പറിലേക്ക് വിളിക്കേണ്ട ആവശ്യമില്ലെന്നും ആപ്പിൽ നിന്ന് നേരിട്ട് ഇത്തരം പ്രശ്നങ്ങൾ അധികൃതരെ ധരിപ്പിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ജൂൺ 14-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വാക്സിനേഷൻ സ്റ്റാറ്റസുമായി ബന്ധപ്പെട്ട താഴെ പറയുന്ന സാങ്കേതിക പ്രശ്നങ്ങൾ ‘BeAware Bahrain’ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്:

  • വാക്സിനെടുത്തവരിൽ ഈ വിവരം സൂചിപ്പിക്കുന്നതിനായി ആപ്പിലെ ലോഗോ നിറം മാറുന്നില്ലെങ്കിൽ.
  • രോഗമുക്തി നേടിയവർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ദൃശ്യമാകുന്നില്ലെങ്കിൽ.
  • വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് സംബന്ധമായ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുന്നതിനായി.
  • വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ പ്രശ്നങ്ങൾ.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി താഴെ പറയുന്ന രീതിയിൽ ‘BeAware Bahrain’ ആപ്പ് ഉപയോഗിക്കാവുന്നതാണ്:

Source: Bahrain MoH.
  • ആപ്പിൽ ‘Electronic Services’ എന്ന സേവനം സന്ദർശിക്കുക.
  • ഇതിൽ നിന്ന് ‘Report Problems related to the vaccination status’ എന്ന സേവനം തിരഞ്ഞെടുക്കുക.
  • തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ടതായ പ്രശ്നം തിരഞ്ഞെടുക്കുക.

ഈ പ്രവർത്തികൾ പൂർത്തിയാക്കുന്നതോടെ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട വിഭാഗങ്ങൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണ്.