ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ഏതാനം ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാലയങ്ങളിലെ പരീക്ഷകളുടെ ചുമതലകളുള്ള കമ്മിറ്റി അംഗങ്ങൾ മുതലായവർക്കാണ് മെയ് 25-ന് വാക്സിൻ നൽകുന്നത്. ഈ തീരുമാനത്തിന്റെ ഭാഗമായി, മെയ് 25-ന് 75725 പേർക്ക് വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രലയത്തിന് കീഴിലുള്ള പകർച്ചവ്യാധി വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹി അറിയിച്ചു.
ഈ തീരുമാനത്തിന്റെ ഭാഗമായി മെയ് 25-ന് താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്കാണ് വാക്സിൻ നൽകുന്നത്:
- രാജ്യത്തെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവൻ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ.
- ജനറൽ എഡ്യൂക്കേഷൻ ഡിപ്ലോമ അധ്യാപകർ.
- പരീക്ഷാ കമ്മിറ്റികളിലെ അംഗങ്ങൾ.
- പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർ.
ഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് അവരുടെ വാർഷിക പരീക്ഷകൾക്ക് മുൻപായി വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായാണ് ഈ തീരുമാനം.