യു എ ഇയിൽ നിലവിൽ ലഭ്യമാക്കുന്ന COVID-19 വാക്സിനുകൾ ആഗോളതലത്തിൽ മികച്ചവയാണെന്നും, പൊതുസമൂഹത്തിലെ രോഗപ്രതിരോധ ശേഷി ഉയർത്താൻ ഇവ പര്യാപ്‌തമാണെന്നും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (ADPHC) സാംക്രമിക രോഗ വകുപ്പിന്റെ ഡയറക്ടറും, ആരോഗ്യ മേഖലയുടെ ഔദ്യോഗിക വക്താവുമായ ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കുന്നവരുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലൂടെ വൈറസ് വ്യാപനം കുറയ്ക്കുന്നതിനാണ് യു എ ഇ ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ADPHC-യുമായി സഹകരിച്ച് വീഡിയോ കോൺഫറൻസിംഗിലൂടെ യു എ ഇ നീതിന്യായ മന്ത്രാലയം സംഘടിപ്പിച്ച COVID-19 മഹാമാരിയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. മിനിസ്ട്രി ഓഫ് ജസ്റ്റിസ് യൂത്ത് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ചാൻസലർ സൗദ് ബുഹിന്ദി ഈ ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചു.
COVID-19 മഹാമാരിയെ പ്രതിരോധിക്കുന്നതിനായി സർക്കാരിന്റെ നിർദേശങ്ങളും ശുപാർശകളും നടപ്പാക്കുന്നതിൽ എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങളും, വ്യക്തികളും, ദേശീയ ആരോഗ്യ അധികാരികളും സഹകരണത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മിനിസ്ട്രി ഓഫ് ജസ്റ്റിസ് ആക്ടിങ്ങ് അണ്ടർസെക്രട്ടറി ജഡ്ജ് ഡോ. സയീദ് അലി ബഹ്ബൗഹ് അൽ നഖ്‌ബി ചർച്ചയിൽ ചൂണ്ടിക്കാട്ടി. പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിൽ നീതിന്യായ മന്ത്രാലയം ശ്രദ്ധാലുവാണെന്നും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മേഖലയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അൽ നഖ്‌ബി വ്യക്തമാക്കി.
COVID-19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം ഡോ. ഫരീദ അൽ ഹൊസാനി ചർച്ചയിൽ ഉയർത്തിക്കാട്ടി. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിന്, ലൈസൻസുള്ള മെഡിക്കൽ ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി അവർ ഊന്നിപ്പറഞ്ഞു.
കുട്ടികളെ തിരക്കേറിയ സ്ഥലങ്ങളിലേക്ക്, പ്രത്യേകിച്ച് കളിസ്ഥലങ്ങളിലേക്ക്, കൊണ്ടുപോകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനും, മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾ ഫെയ്സ് മാസ്ക് ധരിക്കണമെന്നും, ആ പ്രായത്തിൽ താഴെയുള്ളവർ ഫെയ്സ് ഷീൽഡ് ധരിക്കണമെന്നും അവർ അറിയിച്ചു. അണുബാധ കുറയ്ക്കുന്നതിന് വാക്സിൻ എടുക്കുന്നതിൻറെയും എല്ലാവരേയും, പ്രത്യേകിച്ച് പ്രായമായവരെയും കുട്ടികളെയും സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു.
WAM