COVID-19 വൈറസ് വകഭേദങ്ങൾക്കെതിരായ സുരക്ഷ ഉറപ്പാക്കുന്നതിലും, രോഗമുക്തി നേടിയവരുൾപ്പടെയുള്ള രാജ്യത്തെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിലും വാക്സിനുകൾ പ്രധാന പങ്ക് വഹിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഒക്ടോബർ 10-ന് നടന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
COVID-19 രോഗമുക്തരായവർക്ക് വാക്സിൻ ആവശ്യമില്ലെന്നും, ഇവർ സ്വാഭാവികമായി ആർജ്ജിച്ചിട്ടുള്ള രോഗപ്രതിരോധശേഷി രോഗത്തെ ചെറുക്കുന്നതിന് പര്യാപ്തമാണെന്നും ഉള്ള തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഡെൽറ്റ വകഭേദം ഉൾപ്പടെയുള്ള വൈറസ് വകഭേദങ്ങൾ പ്രചരിക്കുന്ന നിലവിലെ സാഹചര്യത്തിൽ രോഗമുക്തരായവരിൽ ഉയർന്ന രോഗപ്രതിരോധ ശേഷി ഉറപ്പ് വരുത്തുന്നതിനും, ദീർഘനാളത്തേക്ക് ഈ പ്രതിരോധ ശേഷി നിലനിർത്തുന്നതിനും ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
ഇത് ഇത്തരക്കാരിൽ വീണ്ടും COVID-19 രോഗബാധ വരുന്നതിനുള്ള സാധ്യത പകുതിയാക്കി കുറയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രോഗമുക്തരായവർക്ക് രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിനുകൾ ലഭ്യമാണെന്നും, ‘Sehhaty’ ആപ്പിലൂടെ ഇതിനായുള്ള മുൻകൂർ ബുക്കിംഗ് പൂർത്തിയാക്കാമെന്നും അദ്ദേഹം അറിയിച്ചു.