രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബഹ്‌റൈനിലെ VAT നിരക്ക് 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർന്നിട്ടുണ്ട്.
അവശ്യ ഭക്ഷണ സാധനങ്ങൾ, കെട്ടിടനിർമ്മാണ വസ്തുക്കൾ, ഓയിൽ, ഗ്യാസ്, ആരോഗ്യ പരിചരണം, വിദ്യാഭ്യാസം തുടങ്ങി VAT ഒഴിവാക്കിയിട്ടുള്ള മേഖലകൾ പഴയ രീതിയിൽ തന്നെ തുടരുന്നതാണ്.
രാജ്യത്തെ VAT നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് 2021 ഡിസംബർ 8-ന് അംഗീകാരം നൽകിയിരുന്നു. അഞ്ച് ശതമാനം VAT നിരക്ക് 2022 ജനുവരി 1 മുതൽ പത്ത് ശതമാനത്തിലേക്ക് ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു കരട് നിയമം 2021 സെപ്റ്റംബറിൽ ബഹ്‌റൈൻ പാർലിമെന്റിൽ അവതരിപ്പിച്ചിരുന്നു. ഈ കരട് ബില്ലിൽ ഡിസംബർ 8-ന് നടന്ന ചർച്ചകളിൽ, രാജ്യത്തെ VAT നിരക്ക് 10 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് ക്യാബിനറ്റ് അംഗീകാരം നൽകുകയായിരുന്നു.