റോയൽ ഒമാൻ പോലീസ് സേവന കേന്ദ്രങ്ങളിൽ വാഹന പരിശോധന പുനരാരംഭിച്ചു

Oman

10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച പരിശോധനകൾ നടത്തുന്നതിനുള്ള സേവനങ്ങൾ, രാജ്യത്തെമ്പാടുമുള്ള സേവന കേന്ദ്രങ്ങളിൽ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. മാർച്ച് മാസം മുതൽ, കൊറോണ വൈറസ് സാഹചര്യത്തിൽ പോലീസ് സേവന കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചതോടെ, ഈ പരിശോധനകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

ജൂലൈ ആദ്യം മുതൽ ROP സേവനകേന്ദ്രങ്ങൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തെങ്കിലും, വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച പരിശോധനകൾ പോലുള്ള ഏതാനം സേവനങ്ങൾ ആരംഭിച്ചിരുന്നില്ല. എന്നാൽ മാർച്ച് 21 മുതൽ നിർത്തിവെച്ചിരുന്ന, വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിച്ച് സാക്ഷ്യപെടുത്തുന്ന സേവനങ്ങൾ, ഇപ്പോൾ ROP കേന്ദ്രങ്ങളിൽ പുനരാരംഭിച്ചിട്ടുണ്ട്.

ഒമാനിലെ ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് മുന്നോടിയായി, വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ROP പരിശോധിച്ച് സാക്ഷ്യപെടുത്തേണ്ടതുണ്ട്. എന്നാൽ കൊറോണാ വൈറസ് വ്യാപന സാഹചര്യം കണക്കിലെടുത്ത്, ഇത്തരം പരിശോധനകൾ ഒഴിവാക്കി കൊണ്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള താത്കാലിക സൗകര്യം ഓൺലൈനിലൂടെയും, പ്രത്യേക കിയോസ്കുകൾ വഴിയും ROP വാഹന ഉടമകൾക്ക് നൽകിയിരുന്നു.