കുവൈറ്റ്: പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു

GCC News

കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

ഇതിന്റെ ഭാഗമായി, കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായെഗ്, ജനറൽ ട്രാഫിക് വകുപ്പ് ഡയറക്ടർ മേജർ ജനറൽ യൗസേഫ് അൽ ഖാദ്ദ എന്നിവർ ഹവാലിയിലെയും, മുബാറക് അൽ കബീറിലെയും ട്രാഫിക് ഡിപ്പാർട്മെന്റുകൾ സന്ദർശിച്ചു. ഇത്തരം ഡ്രൈവിംഗ് ലൈസൻസുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, രേഖകൾ എന്നിവയുടെ സൂക്ഷ്‌മപരിശോധനയ്ക്കായാണ് ഇവർ ഓഫീസുകൾ സന്ദർശിച്ചത്.

ഇതുമായി ബന്ധപ്പെട്ട്, കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസന്സുകളുടെ രേഖകൾ അധികൃതർ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. രാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരം ഓരോ ലൈസൻസുകളും നൽകിയിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും, തെറ്റായ മാർഗങ്ങളിലൂടെ ലൈസൻസ് സമ്പാദിച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനുമായാണ് ഈ നടപടി.

നിയമം ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും, ഇത്തരം ലൈസൻസുകൾ എന്നേക്കുമായി റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനം വർഷങ്ങളിലായി കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ ഒരുങ്ങുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.