യു എ ഇ: COVID-19 സുരക്ഷാ വീഴ്ച്ചകൾ തുടരുന്നു; നിയമലംഘകരുടെ വിവരങ്ങൾ പുറത്തുവിട്ടു

UAE

COVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ ആവർത്തിച്ചുള്ള അറിയിപ്പുകൾക്കും, ബോധവത്കരണങ്ങൾക്കും ശേഷവും വീഴ്ച്ചകൾ തുടരുന്നതായി എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ ഡയറക്ടർ, കൗൺസിലർ സലെം അൽ സാബി അറിയിച്ചു. ജൂലൈ 1-ലെ കൊറോണ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച ആശങ്കകൾ അറിയിച്ചത്. ഇത്തരം സുരക്ഷാ മുൻകരുതലുകളിലെ മനഃപൂർവമായ വീഴ്ചകൾ പൊതു സമൂഹത്തിനെയാകെ ബാധിക്കുന്നതാണെന്ന് ഓർമ്മപെടുത്തിയ അൽ സാബി, ഇത്തരം വീഴ്ചകൾ വരുത്തുന്നവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

കർഫ്യു നിയന്ത്രണങ്ങളുടെ ലംഘനം, പൊതു ഇടങ്ങളിലും മറ്റും അനധികൃതമായി ഒത്തുചേരൽ, മാസ്കുകൾ ധരിക്കാതിരിക്കൽ മുതലായ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടവരുടെ വിവരങ്ങളും യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പുറത്ത് വിട്ടിട്ടുണ്ട്. 3000 മുതൽ 5000 ദിർഹം വരെ പിഴ ചുമത്തിയിട്ടുള്ളവരുടെ വിവരങ്ങൾ ഇതിലുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും, യു എ ഇ പൗരന്മാരും ഇത്തരത്തിൽ നിയമലംഘനങ്ങൾക്ക് യു എ ഇയിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകും.

യു എ ഇയിലെ പൗരന്മാർ, നിവാസികൾ എന്നിവരുൾപ്പെട്ട മുഴുവൻ പൊതുസമൂഹത്തോടും സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാൻ അൽ സാബി ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ സുരക്ഷയിൽ എല്ലാവര്ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.