ഒമാൻ: വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ; ലൈസൻസ് റദ്ദാക്കും

GCC News

ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം മാർച്ച് 4 മുതൽ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ മറികടക്കുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്. വീണ്ടും ഈ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം, 1000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് രാജ്യവ്യാപകമായി വാണിജ്യ പ്രവർത്തനങ്ങൾക്ക് ഒമാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണങ്ങൾ മാർച്ച് 20 വരെ തുടരും. രാജ്യത്ത് COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.

ഹോം ഡെലിവറി സേവനങ്ങൾക്കും രാത്രികാല നിയന്ത്രണങ്ങൾ ബാധകമാണ്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് മാത്രമാണ് രാത്രികാലങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന വാണിജ്യമേഖലയിലെ ഇത്തരം നിയമ ലംഘനങ്ങൾ 1111 എന്ന ടോൾ ഫ്രീ സംവിധാനത്തിലൂടെ അധികൃതരുമായി പങ്ക് വെക്കാൻ മുൻസിപ്പാലിറ്റി പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.