ഉപയോഗിച്ച മാസ്കുകളും, കയ്യുറകളും സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രത്യേക ചവറുവീപ്പകൾ ഒരുക്കുന്നതിനായി മാലിന്യനിർമ്മാർജ്ജന സേവനദാതാക്കൾക്ക് ദുബായ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഇത്തരം സ്വകാര്യ സുരക്ഷാ ഉപകരണങ്ങൾ മറ്റു മാലിന്യങ്ങളുടെ കൂടെ നിക്ഷേപിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ നിർദ്ദേശം.
ഇത് കൂടാതെ പൊതുഇടങ്ങളിൽ ഉപയോഗിച്ച കയ്യുറകളും, മാസ്കുകളും വലിച്ചെറിയുന്നത് തടയാനും, സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പിക്കാനും ഇതിലൂടെ ദുബായ് മുൻസിപ്പാലിറ്റി ലക്ഷ്യമിടുന്നു. ഈ നിർദ്ദേശ പ്രകാരം ദുബായിൽ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ പൊതു ഇടങ്ങളിലും, ഓഫീസ് കെട്ടിടങ്ങളിലും ഇത്തരം പ്രത്യേക ചവറുവീപ്പകൾ സ്ഥാപിക്കേണ്ടതാണ്.
ഉപയോഗിച്ച മാസ്കുകളും മറ്റും പൊതു ഇടങ്ങളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയുന്നതിനായി നേരത്തെ യു എ ഇയിൽ ഇത്തരം നിയമലംഘനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്താൻ തീരുമാനിച്ചിരുന്നു. വാഹനങ്ങളിൽ നിന്ന് ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷയായി നൽകുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.