യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും; തത്സമയം കാണാൻ അവസരം

UAE

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായുള്ള ബഹിരാകാശപേടകം ഇന്ന് (2023 മാർച്ച് 3, വെള്ളിയാഴ്ച) രാവിലെ 10:17-ന് (യു എ ഇ സമയം) ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേരുന്നതാണ്.

എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെയും മറ്റു ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേരുന്ന കാഴ്ച്ചകൾ പൊതുജനങ്ങൾക്ക് ഓൺലൈനിലൂടെ തത്സമയം കാണാമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചിട്ടുണ്ട്.

2023 മാർച്ച് 2-ന് രാത്രിയാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. http://mbrsc.ae/live/ എന്ന വിലാസത്തിൽ നിന്നോ, അല്ലെങ്കിൽ https://www.youtube.com/watch?v=z0f8FaIcbUA എന്ന യൂട്യൂബ് വിലാസത്തിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട തത്സമയ ഓൺലൈൻ സ്ട്രീമിങ്ങ് കാണാവുന്നതാണ്.

2023 മാർച്ച് 3, വെള്ളിയാഴ്ച രാവിലെ 10:17-നാണ് (യു എ ഇ സമയം) ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഡോക്ക് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ തത്സമയ സംപ്രേക്ഷണം 2023 മാർച്ച് 3, വെള്ളിയാഴ്ച രാവിലെ 8:30 (യു എ ഇ സമയം) മുതൽ ആരംഭിക്കുമെന്ന് MBRSC വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്ന എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദിയെയും മറ്റു ബഹിരാകാശസഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് 2023 മാർച്ച് 2-ന് രാവിലെ 9:34-ന് (യു എ ഇ സമയം) വിജയകരമായി വിക്ഷേപിച്ചിരുന്നു.