രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂൺ 15 മുതൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത മദ്ധ്യാഹ്ന ഇടവേളയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2023 ജൂലൈ 5-നാണ് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ താഴെ പറയുന്ന തൊഴിൽ മേഖലകളെ ഈ മദ്ധ്യാഹ്ന ഇടവേളയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:
- നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലനിൽക്കുന്ന കാലയളവിൽ പൂർത്തീകരിക്കേണ്ടതായി വരുന്ന റോഡ് ടാർ ചെയ്യുന്ന പ്രവർത്തികൾ, കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികൾ എന്നിവ.
- കുടിവെള്ള പൈപ്പ് പൊട്ടുന്നത് ഉൾപ്പടെയുള്ള സാമൂഹിക സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അടിയന്തിര സ്വഭാവമുള്ള അറ്റകുറ്റപ്പണികൾ, നിർമ്മാണപ്രവർത്തനങ്ങൾ മുതലായവ.
- ട്രാഫിക് തടസം ഉണ്ടാകാതിരിക്കുന്നതിനായി ഈ കാലയളവിൽ സർക്കാർ വകുപ്പുകളിൽ നിന്ന് പ്രത്യേക പെർമിറ്റ് നേടിയ ശേഷം അടിയന്തിരമായി പൂർത്തിയാക്കേണ്ടതായ പ്രവർത്തികൾ.
യു എ ഇയിലെ കെട്ടിടനിർമ്മാണമേഖലയുൾപ്പടെയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന ഈ ഇടവേള 2023 ജൂൺ 15 മുതൽ 2023 സെപ്റ്റംബർ 15 വരെ നീണ്ട് നിൽക്കുന്നതാണ്. ഈ കാലയളവിൽ യു എ ഇയിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3 മണിവരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്.