ഒമാൻ: പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ ഓൺലൈനിൽ റെജിസ്റ്റർ ചെയ്യാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്

GCC News

പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ നിർബന്ധമായും ഓൺലൈനിൽ റെജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. ഇതിനായുള്ള ഓൺലൈൻ സംവിധാനം നവംബർ 4 മുതൽ ആരംഭിച്ചതായും, ഈ സംവിധാനത്തിലൂടെ തങ്ങളുടെ കീഴിലെ മുഴുവൻ പ്രവാസി ജീവനക്കാരുടെയും തൊഴിൽ കരാറുകൾ തൊഴിലുടമകൾ മന്ത്രാലയത്തിൽ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തേക്ക് പ്രവേശിച്ച ശേഷം, റസിഡന്റ് കാർഡ് ലഭിക്കുന്നതോടെ, തൊഴിലുടമകൾക്ക് പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ മന്ത്രാലയത്തിലേക്ക് ഓൺലൈനിലൂടെ സമർപ്പിക്കാവുന്നതാണ്. ജീവനക്കാരുടെ തൊഴിൽ കരാറുകൾ പുതുക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിൽ കരാറുകൾ വിശകലനം ചെയ്യുന്നതിനും, ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത്തരം നടപടികളുടെ സുതാര്യതയും, കൃത്യതയും ഉറപ്പാക്കുന്നതിനായി, തൊഴിലാളികൾ കരാർ പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം മാത്രമാണ് ഇവ മന്ത്രാലയത്തിന്റെ ഓൺലൈൻ രേഖകളിൽ സ്വീകരിക്കുക എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.