സൗദിയുടെ ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച തീരുമാനത്തിന് ലോക മുസ്‌ലിം കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ പിന്തുണ

Saudi Arabia

തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്, നിയന്ത്രിതമായ അളവിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് നടപ്പിലാക്കുന്നതിനുള്ള സൗദി തീരുമാനത്തിന് ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ പിന്തുണ നൽകി. കൗൺസിൽ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുയിമി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകി.

നിലവിലെ സാഹചര്യത്തിൽ, സമൂഹ അകലം ഉൾപ്പടെയുള്ള എല്ലാ പ്രതിരോധ നടപടികൾക്കും അനുസൃതമായി, ഹജ്ജ് കർമങ്ങൾ നടത്തുന്നതിന് ആവശ്യമായ മുൻകരുതലുകൾ സൗദി കൈകൊണ്ടതിനെ കൗൺസിൽ പ്രശംസിച്ചു. ഈ പ്രതിരോധ നടപടികൾ ആഗോളതലത്തിൽ 180 രാജ്യങ്ങളിലധികം ബാധിച്ച മഹാമാരിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുമെന്ന് ഡോ. അൽ നുയിമി പറഞ്ഞു.

കൊറോണ വൈറസ് സാഹചര്യത്തിൽ, ഈ വർഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ തീർത്ഥാടകർക്ക് ഇത്തവണ ഹജ്ജിനായി സൗദിയിലേക്ക് യാത്രാനുമതി നൽകില്ല എന്നും അധികൃതർ അറിയിച്ചിരുന്നു.

സൗദിയുടെ ഈ തീരുമാനത്തെ മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സും സ്വാഗതം ചെയ്തു. “ഹജ്ജിൽ പങ്കെടുക്കാനുള്ള തീർത്ഥാടകരുടെ ആഗ്രഹത്തിനും, തീർത്ഥാടകരുടെ സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന തീരുമാനം.”, എന്നാണ് കൗൺസിൽ, സൗദിയുടെ ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച തീരുമാനത്തെ വിശേഷിപ്പിച്ചത്.