ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിന്റെ പ്രധാന പ്രാർത്ഥനാ ഹാളിൽ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പരവതാനിക്ക് സാക്ഷ്യം വഹിക്കാം. അദ്ഭുതകരമായ സൗന്ദര്യവും, രൂപകൽപ്പനയും ഉള്ള അതുല്യമായ ഈ പരവതാനി ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരും, നെയ്ത്തുകാരും ചേർന്ന് കൈകൊണ്ട് തുന്നിയതാണ്.
ആയിരത്തി ഇരുനൂറോളം കരകൗശല വിദഗ്ധർ കൈകൊണ്ട് നിർമ്മിച്ചതാണ് ഈ കമ്പിളിയിലും, പഞ്ഞിയിലും തീർത്ത പരവതാനി. 5,400 ചതുരശ്ര മീറ്റർ നീളമുള്ള ഈ പരവതാനിയുടെ ഓരോ 6.5 സെന്റീമീറ്ററിൽ 40 തുന്നലുകളുണ്ട്. 35 ടൺ ഭാരമുള്ള ഈ പരവതാനിയിൽ ആകെ 2.5 ബില്യൺ തുന്നലുകളാണ് ഉള്ളത്.
ഇത്രയും വലിപ്പം ഉണ്ടായിരുന്നിട്ടും, ഒരൊറ്റ കഷണം പോലെയാണ് ഈ പരവതാനി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് കൊണ്ട് തന്നെ ഇത് ലോകത്തിലെ ഏറ്റവും വലിയ പരവതാനി എന്ന നിലയിൽ 2017-ൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് യോഗ്യത നേടി. ഏകദേശം 12 മാസത്തെ സമയമെടുത്താണ് ഇതിന്റെ തുന്നൽ പൂർത്തിയാക്കിയത്.
അതുല്യമായ യോജിപ്പും, സൗന്ദര്യാത്മക ഘടകങ്ങളുടെ സംയോജനവും കൊണ്ട്, പ്രധാന പ്രാർത്ഥനാ ഹാളിന്റെ തറയെ മൂടുന്ന ഈ പരവതാനി അതിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു. അതിശയിപ്പിക്കുന്ന രൂപകൽപ്പനയിൽ, കൈകൊണ്ട് നെയ്ത ഈ പരവതാനി പ്രാർത്ഥനാ ഹാളിന്റെ മുകൾത്തട്ടിലെ ബഹുശാഖദീപത്തിന്റെ പ്രതിഫലനം പോലെ തോന്നിപ്പിക്കുന്നു. ഈ പരവതാനിയുടെ പശ്ചാത്തലത്തിൽ പ്രാദേശിക മദാർ വേരുകൾ, മാതളനാരകത്തോലുകൾ, ഇല ഞരമ്പുകൾ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ഔഷധസസ്യങ്ങളിൽ നിന്നുള്ള 25 പ്രകൃതിദത്ത നിറങ്ങൾ ഉൾക്കൊള്ളുന്നു.
പ്രധാനമായും പച്ച നിറം ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ പരവതാനി ശാന്തതയും ആശ്വാസവും ഏകുന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു. 5,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൂന്ന് വലിയ വർക്ക്ഷോപ്പുകളിലായാണ് ഈ പരവതാനിയുടെ നെയ്ത്ത് നടന്നത്.
WAM