മനുഷ്യത്വം, മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നത് പലപ്പോഴും കൂടിക്കാഴ്ചകളിലൂടെയാണ്… അധികം ചർച്ച ചെയ്യപെടാത്തതും ഈ അനിവാര്യതയെപ്പറ്റിയാണെന്നും തോന്നിപ്പോകുന്നു… ഈ വിശാല ഭൂമിയിൽ നമുക്ക് ലഭിച്ച ചുരുക്കം സമയത്തിനുള്ളിൽ കാണുന്ന കാഴ്ച്ചകളും, അനുഭവങ്ങളും എത്രയോ വലുതും സംതൃപ്തവുമാണെന്നു ചിന്തിച്ചു നോക്കൂ… ജീവിതത്തിൽ നാം അനുഭവിക്കുന്ന നിരാശയും, അസംതൃപ്തിയും വ്യർത്ഥമാണെന്നു തോന്നിപ്പോകും…
ഈ സത്യം അനുഭവിക്കാൻ, അടുത്തൊരു നിമിഷം നിങ്ങൾക്കുള്ളതായി കണക്കാക്കി സംതൃപ്തമായി ഒരു ശ്വാസമെടുത്തു നോക്കൂ… എന്നിട്ടാലോചിക്കു, എത്രകാലമായി ഭാരമുള്ള ചിന്തകളില്ലാതെ നിങ്ങൾ ഇതുപോലെ ഒന്ന് ശ്വസിച്ചിട്ട്?… ജീവിതം ഇത്രയും സംതൃപ്തമാണ്… കാഴ്ചയില്ലാത്തൊരാൾ കാഴ്ച്ചയ്ക്ക് വേണ്ടിയും, കാഴ്ച്ച കുറവുള്ളയാൾ കണ്ണട മുഖത്തിന് ചേരുന്നില്ലെന്നും, നല്ല കാഴ്ചയുള്ളവൻ ചുറ്റും നല്ലതൊന്നും കാണാനില്ലെന്നും… അങ്ങിനെ ഓരോ നിമിഷവും നാം ചിന്തകളുടെ ഭാരത്തിൽ നിമിഷങ്ങളെ മഥിച്ചു ഓടിക്കൊണ്ടേയിരിക്കുന്നു… പലപ്പോളും നാം ഈ വേഗതയിൽ നല്ലത് പലതും കാണാൻ മറക്കുന്നു… ഇതുപോലെ ഒരു യാത്രയിലാണ് ഈ കൂടിക്കാഴ്ചയും…
“സിന്ധുതായ് സപ്ക്കൽ” അഥവാ “അനാഥരുടെ അമ്മ“; തൻറെ സ്വന്തം ജീവിതം തന്നെ അനാഥ കുട്ടികൾക്കായി നീക്കി വച്ച്, ഇന്ന് ഏകദേശം 1500 -ൽ പരം കുട്ടികളുടെ അമ്മയും തണലും… മാതൃത്വം എന്നത് ഒരു വലിയ തണലാണ്… പലർക്കും ഈ സത്യം ആ മരം നിലനിൽക്കുമ്പോൾ തിരിച്ചറിയാതെ പോകുന്നു… കണ്ണുള്ളപ്പോൾ അറിയാത്ത കണ്ണിൻറെ വില പോലെ… സ്വന്തം ജീവിതവും, വാത്സല്യവും, ഭക്ഷണവും, ശ്വസിക്കുന്ന ശ്വാസം പോലും മക്കൾക്കായി മാറ്റിവയ്ക്കുന്ന സത്യമാണ് ഓരോ മാതൃത്വവും…
“സന്മതി ബാൽ നികേതൻ” , അവിടെ എത്തിയപ്പോൾ ഉച്ച തിരിഞ്ഞിരുന്നു… ഒരു വലിയ കുടുംബം അങ്ങിനെയാണ് നമുക്ക് ആ ആലയത്തെ വിശേഷിപ്പിക്കാൻ കഴിയുക… അത്രമേൽ ഇമ്പമുള്ളതും, കെട്ടുറപ്പുള്ളതും ആണ് അവിടെയുള്ള മനസ്സുകൾ… മറാത്തി ഭാഷയിലുള്ള വാർത്തകളിൽ മാത്രം കേട്ടറിവുള്ള ആ കുടുംബത്തിന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട “മായി“, കയറി ചെല്ലുന്ന ഓരോ ആളിലും മാതൃത്വത്തിന്റെ അർഥം പകർന്നു തരുന്ന ഒരു പുഞ്ചിരിയോടുകൂടിയുള്ള സ്വാഗതം… കൂടെയുള്ള സുഹൃത്തിനൊപ്പം വെറുതെ വന്നതെങ്കിലും അടുത്തിരുന്നു പരിചയപ്പെടാൻ സാധിച്ചത് കാലം കരുതിവച്ച പുണ്യമായിരിക്കാം…
അവിടെയുള്ള കാഴ്ചകളുടെ ഇടയ്ക്ക്, അവർ പറഞ്ഞു തുടങ്ങി… ഈ കുടുംബം ഇന്ന് 1500 -ൽ പരം കുട്ടികളും, മുന്നൂറിലേറെ മരുമക്കളും, 170-ഓളം പശുക്കളും, അതിലുമുപരി സന്തോഷവും നിറഞ്ഞ വലിയ കുടുംബമാണ്… അവരുടെയെല്ലാം അമ്മയാണെന്ന നിലയിൽ താനും സംതൃപ്തയാണ്… ഇത്രയും എത്തിച്ചേർന്നതിൽ പ്രകൃതിയും, ദൈവീകമായ സംരക്ഷണയും മുഖ്യ ഘടകങ്ങളായി ഈ അമ്മ വിശ്വസിക്കുന്നു… അതിന് ഉദാഹരണമാണ് അവരുടെ ജീവിതവും…
മഹാരാഷ്ട്രയിലെ വർദ്ധ ജില്ലയിൽ പെൺകുഞ്ഞെന്ന കാരണത്താൽ കുടുംബത്തിന് തന്നെ അപശകുനവും, ഭാരവുമായി കണക്കാക്കിയുള്ള ജനനം… പത്താം വയസ്സിൽ തന്നെക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഒരാളുമായി വിവാഹം… ഒരു പെൺകുട്ടി എന്ന രീതിയിൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ വിവാഹത്തിലെത്തിപ്പെടുന്ന അന്നത്തെ സാമൂഹിക സമ്പ്രദായത്തിന്റെ മറ്റൊരു ഇര… ഇരുപതു വയസ്സിനുള്ളിൽ മൂന്നു കുട്ടികളുടെ അമ്മയും… വെല്ലുവിളികളിലൂടെ ജീവിച്ചു വളർന്ന ഒരു പെൺകുട്ടി അവരുടെ ഇരുപതാം വയസ്സിലാണ്, ജീവിതത്തിനു തന്നെ വഴിത്തിരിവായ സംഭവങ്ങളിലേക്ക് എത്തിച്ചേരുന്നത്…
ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന ഉണക്കിയ ചാണകം മറിച്ചു വിൽക്കുന്നത് പൊതുവേദിയിൽ അവർ തുറന്നു പറഞ്ഞതിനെത്തുടർന്ന് അന്നത്തെ ജമീന്ദാർ കളക്ടറുടെ ശാസനക്കു വിധേയനാവുന്നു… അഭിമാനം ആണുങ്ങൾക്ക് മാത്രമുണ്ടായിരുന്ന ആ കാലഘട്ടത്തിൽ അടിയാനോട് അവൻറെ ഭാര്യയെ ഉപേക്ഷിക്കാൻ ജമീന്ദാർ കല്പിക്കുകയും , അതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറക്കി വിടുന്ന അവസ്ഥയും വന്നു ചേരുന്നു… നിറവയറുമായി ആ അമ്മ അവിടെ ഗ്രാമത്തിലുള്ള ഒരു പശുത്തൊഴുത്തിൽ അഭയം കണ്ടെത്തി… ഭ്രഷ്‌ട്ട് കല്പിച്ചവൾക്ക് മനുഷ്യത്വം വിലക്കായി കണ്ടിരുന്ന ക്രൂരമായ കാലഘട്ടം… ഇന്നും ഈ വ്യവസ്ഥിതിക്ക് മുഴുവനായി തെളിച്ചവും മാറ്റവും വന്നിട്ടില്ല എന്നത് കഷ്ടം… രാത്രി ആരുടേയും സഹായമില്ലാതെ ആ അമ്മ തൻറെ കുഞ്ഞിന് ജന്മം നൽകി… അടുത്ത് കിടന്ന ഒരു കല്ലെടുത്താണ് ആ അമ്മ സ്വന്തം കുഞ്ഞിൻറെ പൊക്കിൾകൊടി മുറിച്ചതെന്നും പറയുന്നു, അവരുടെ മനസ്സിനെ ബലപ്പെടുത്താൻ ഈ ഒരു കൃത്യം തന്നെ ധാരാളം… പരീക്ഷണ ഘട്ടങ്ങൾ അവരുടെ ജീവിതത്തിൽ തുടങ്ങുന്നത് ആ കല്ലിൽനിന്നാണ് എന്ന് ഓർത്തെടുക്കുന്നു…
കുഞ്ഞിനേയും കൊണ്ട് അവർ സ്വന്തം വീട്ടിലേക്കു പോയി, അവിടെ നിന്നും
അവരെ ആട്ടിയിറക്കുന്നു… ഭർത്താവുപേക്ഷിച്ച സ്ത്രീക്ക് പാഴ്‍ത്തുണിയോളം പോലും വിലയില്ലാത്ത സാമൂഹിക വ്യവസ്ഥിതിയായിരിക്കാം അതിനു കാരണം… കുലമഹിമയേക്കാൾ വിശപ്പിനാണ് വില എന്ന് തിരിച്ചറിഞ്ഞ നാളുകൾ… ഒരു കൈക്കുഞ്ഞുമായി ആ ഇരുപതു വയസ്സുകാരി അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ഭിക്ഷയെടുക്കാൻ ആരംഭിക്കുന്നു… ജീവിതം വഴിമുട്ടി എന്ന് തോന്നിയ നിമിഷത്തിലൊന്നിൽ അടുത്ത് വരുന്ന ട്രെയിനിന് മുന്നിൽ ചാടി ഈ ജീവൻ ഉപേക്ഷിക്കാം എന്ന് തിരുമാനിച്ചിറങ്ങാൻ തുടങ്ങുമ്പോൾ, തന്നോടൊപ്പം ഭിക്ഷയാചിച്ചിരുന്ന ഒരു വൃദ്ധൻ തൻറെ അവസാന സമയമടുത്തെന്നും കുറച്ചു വെള്ളം നൽകാൻ ആവശ്യപ്പെടുകയും ചെയ്തത് അവർ ആത്മഹത്യയെ പറ്റി ചിന്തിച്ച ആ നിമിഷത്തിൽ തന്നെയായിരുന്നു…
മരിക്കുന്നതിന് മുൻപൊരു പുണ്യം ചെയ്യാനുള്ള അവസരമായി കണ്ട് “മായി” ആ വൃദ്ധന് വെള്ളവും തൻറെ കയ്യിലുണ്ടായിരുന്ന റൊട്ടി കഷ്ണവും നൽകി… വിശപ്പുകൊണ്ട് ജീവൻ നഷ്ടപ്പെടും എന്ന നിലയിലുള്ള ആ വൃദ്ധന് അത് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഒരു ആശ്രയമായി മാറുകയായിരുന്നു… ഇതവരുടെ ജീവിതത്തിലും ജീവിക്കാനുള്ള ഒരു ഊർജ്ജമായി മാറുകയും, പിന്നീട് തൻറെ കുഞ്ഞിനെ അവിടെയുള്ള ഒരു അനാഥാലയത്തിൽ ചേർത്തു പഠിപ്പിക്കുകയും ചെയ്തു… ഇതുപോലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ അവർ തേടിപ്പിടിച്ചു തൻറെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കു നൽകി ആ അമ്മ അന്ന് തുടങ്ങിയ യാത്ര ഇന്ന് അൻപതു വർഷം പിന്നിട്ടിരിക്കുന്നു… ഇന്ന് അവരുടെ മക്കളിൽ ഒരാൾ അവരെ കുറിച്ചാണ് PHD ചെയ്യുന്നത് എന്നറിഞ്ഞതിൽ വലിയ സന്തോഷം, പിൽക്കാലത്തു 2016 -ൽ പാട്ടീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച്, സിന്ധുതായ് എന്ന ഈ മറാത്തി കവയത്രിക്ക് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു… “മീ സിന്ധു തായ് സപ്ക്കൽ” എന്നൊരു മറാത്തി ചലച്ചിത്രവും അവരുടെ ജീവിതയാത്രയെ കുറിച്ച് 2010 -ൽ ഇറങ്ങിയിരുന്നു…
അവരെ ഉപേക്ഷിച്ച ഭർത്താവും അവരുടെ തണലിൽ പിന്നീട് തെറ്റ് ഏറ്റു പറഞ്ഞു വരികയും, യാതൊരു വൈഷമ്മ്യവും കൂടാതെ ആ വാർദ്ധക്യത്തെ ഒരു മകനെപ്പോലെ അവർ ജീവിതത്തിൽ ചേർത്ത് നിർത്തുകയും ചെയ്തു… ജീവിതത്തിൽ പകയും, വൈരാഗ്യവും നിറഞ്ഞു കവിയുമ്പോൾ ഒരു നിമിഷം സ്വന്തം മനസ്സിനോട് ചോദിക്കുക എന്തിനുവേണ്ടി, അല്ലെങ്കിൽ എന്ത് നേടാൻ… ദേഷ്യവും വിഷമവും അകന്ന് ഒരു ശാന്തമായ അന്തരീക്ഷം നമുക്ക് ചുറ്റും തെളിയാൻ അത് സഹായിക്കും…
ജീവിതം ഇതുപോലെയാണ്… ഓരോ നിമിഷത്തിലും സംതൃപ്തി തോന്നിത്തുടങ്ങിയാൽ, ജീവിതത്തിൽ സന്തോഷം വന്നുചേരുന്ന ഒരു മാന്ത്രികത ഓരോ ജീവനിലും ഉണ്ട്… അത് തിരിച്ചറിയാതെ നാം നമ്മളിലേക്ക് ചുരുങ്ങുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ ഈ ലോകം എത്ര സുന്ദരമാണെന്നും, സ്വസ്ഥമായി പുഞ്ചിരിക്കാനും നമ്മൾ മനുഷ്യർക്ക് കഴിഞ്ഞേക്കാം…
ഒരുപാടുപേർക്ക് തണലേകിവരുന്ന അമ്മയെന്ന ആ നന്മ മരം കൂടുതൽ പേർക്കിനിയും തണലേകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്…
സസ്നേഹം, പ്രമോദ് ശിവറാം