വർഷങ്ങൾ കടന്നുപോയെങ്കിലും നിലനില്പ്പിന്റെ രാഷ്ട്രീയ പിന്നാമ്പുറങ്ങളിൽ തന്നെയാണ് ഇന്നും സാമ്പത്തിക ബഡ്ജറ്റുകളുടെ സ്ഥാനം. മാറി വരുന്ന രാഷ്ട്രീയ മുഖങ്ങളിൽ വർഷംതോറും ബഡ്ജറ്റുകളും , വിലയിരുത്തലുകളും, ചർച്ചകളും, നീക്കിവെയ്പ്പുകളും, കണ്ണുകെട്ടലുകളും നടന്നുകൊണ്ടിരിക്കുന്നു. ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ആ വര്ഷം കഴിയുന്നതിനു മുൻപ് അതിന്റെ ശരിയായ ഉപയോഗത്തെ കുറിച്ചൊരു കണക്കുണ്ടാക്കി താരതമ്യം ചെയ്യാതെ, എഴുതി തയ്യാറാക്കുന്ന കണക്കിന്റെ സാഹിത്യ രേഖകൾ കെട്ടിവച്ച് പഴകി ചിതലരിച്ചുപോകുന്നു.
എല്ലാ വിഭാഗം ആളുകളെയും തൃപ്തിപ്പെടുത്താൻ ഒരു ബഡ്‌ജറ്റിനും ആവില്ല, എന്നാൽ ഭക്ഷണം,പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബഡ്ജറ്റായിരിക്കും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്നത്. പറഞ്ഞു ത്രസിപ്പിക്കുന്നതിലും നല്ലത് , നല്ല പ്രവർത്തിയിലൂടെ ഒരു കൈത്താങ്ങേക്കുന്നതാണ്. പലപ്പോഴും സർക്കാരുകളെ വിമര്ശനാത്മകമായാണ് പൊതുജനം കാണുന്നത്, എന്നാൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് നമ്മൾ ഓരോരുത്തർക്കും പങ്കാളിത്തമുണ്ടായിരിക്കണം. ഭരണകൂടം കണക്കുകളിൽ കൃത്രിമം ചെയ്യുന്നത് വിമർശിക്കുന്ന നാം നമ്മൾ കരുതലോടെയാണോ സമ്പാദ്യം ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കണം. ആനുകൂല്യങ്ങളിൽ ആകൃഷ്ടരാവുന്നത്പോലെ , നാം അടക്കേണ്ട നികുതിയും, പാലിക്കണ്ട സാമ്പത്തിക അച്ചടക്കത്തിലും ശ്രദ്ധിക്കേണ്ടത് അനിവാര്യമായി തോന്നുന്നു. ഉദാ: ഒരു പഞ്ചായത്ത് റോഡ് നിർമ്മിക്കാൻ നീക്കിവയ്ക്കുന്ന തുകയുടെ ഉപയോഗം ഒരു പഞ്ചായത്ത് തലത്തിൽ അവലോകനം ചെയ്യുകയും സാധാരണക്കാർ എന്ന് നമ്മൾ കരുതുന്ന നാട്ടുകാരെ അത് ബോധ്യപ്പെടുത്തുകയും ചെയ്‌താൽ ഒരു പരിധിവരെ റോഡുകളുടെ ശോചനീയാവസ്ഥക്കും, പണ ദുർവിനിയോഗത്തിനും അറുതിവരുത്താൻ സാധ്യമാകും.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു കുടുംബം എത്രമാത്രം കരുതലോടെ അവരുടെ സമ്പാദ്യം ഉപയോഗിക്കുന്നുവോ അതുപോലെ അല്ലങ്കിൽ അതിലുപരി ശ്രദ്ധയോടും കാര്യക്ഷമമായും വേണം ഒരു രാജ്യത്തിന്റെയോ, ഒരു സംസ്ഥാനത്തിന്റെയോ സാമ്പത്തിക ബജറ്റ് തയ്യാറക്കുവാനും അത് ഉപയോഗിക്കുവാനും എന്ന് ചിന്തിച്ചു പോകുന്നു.പ്രതിപക്ഷവും, ഭരണപക്ഷവും പരസ്പ്പരം പഴിചാരി ചർച്ച ചെയ്യുന്നതിനുപകരം കൂട്ടായ ചർച്ചയിലൂടെ ഒരു സാമ്പത്തിക വ്യവസ്ഥിതിയിൽ എത്തിച്ചേരുന്ന സുരക്ഷിതത്വത്തെ വെറുതെ ഓർത്തുപോകുന്നു. പൊതുഖജനാവിലെ പണവും കടവും ഒരുമിച്ചൊരു കടലാസ്സിൽ പകർത്തുന്നതിലല്ല മറിച്ച് സുസ്ഥിരമായ സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നതിലൂടെ ഒരു രാഷ്ട്രം പുരോഗതി പ്രാപിക്കുന്നു എന്ന തത്വം ഒന്നുകൂടി ഓർത്തെടുത്തുകൊണ്ട് ഈ സമയവും കടന്നുപോകുന്നു.
പ്രവാസിഡെയ്‌ലി എഡിറ്റോറിയൽ