“കണ്ണാടി കാൺവോളവും, തന്നുടെ രൂപമേറ്റം
നന്നെന്നു നിരൂപിച്ചു എത്രയും വിരൂപന്മാർ..“
ഇന്നത്തെ വാർത്തകളും, ചാനൽ ചർച്ചകളും, സമൂഹമാധ്യമ പ്രസ്താവനകളും കാണുമ്പോൾ മനസ്സിലേക്ക് വന്നുചേരുന്ന വരികളിവയാണ്.. നമ്മൾ സ്വയം ഉള്ളിലേക്ക് നോക്കി ഒന്ന് ആലോചിച്ചിട്ടെത്ര കാലമായി? ഇന്ന് നമ്മൾ ചിന്തിക്കുന്നതുപോലും മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണെന്നു തോന്നുന്നു. അതുമൂലം ചുറ്റുപാടുകളാൽ നമ്മൾ സ്വാധീനിക്കപെട്ട് കണ്ണ് മൂടപ്പെട്ടവരായി, കേൾക്കുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്ന യന്ത്രസമാനരായി മാറിക്കൊണ്ടിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു.
തൻ്റെ ചിന്തകൾ അത് മറ്റുള്ളവരെയും സ്വാധീനിക്കപ്പെടുത്തും വിധത്തിലുള്ള അവതരണ ശൈലികളും, ശാഠ്യങ്ങളും ആണ് നമ്മൾ ഇന്ന് സദാസമയവും കേൾക്കുന്നതും കാണുന്നതും. അറിവുള്ളവർ എന്ന് സമൂഹം വിലയിരുത്തുന്നവർ വരെ ഈ പ്രക്രിയയുടെ ഭാഗമായിത്തീർന്നിരിക്കുന്നു എന്നത് സങ്കടകരം.. ചിലർ സ്വതന്ത്ര ചിന്തകരുടെ കുപ്പായമണിയുമ്പോൾ മറ്റുചിലർ യാഥാസ്ഥിതികതയുടെ മേലാംഗിയണിയുന്നു. എന്തായാലും ആശയപരമായ സംഘർഷങ്ങളിൽ തുടങ്ങി മാനസികമായ വിഭാഗീയതയിലവസാനിക്കുന്നു. നമ്മൾ ഒന്നെന്നു പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്നെങ്കിലും അത് യാഥാർഥ്യമാണോ അതോ സ്വയം തെറ്റിദ്ധരിപ്പിക്കലാണോ എന്ന് തോന്നിപോകുന്നു.
ഒരിക്കൽ യാത്രക്കിടെ ഒരു മാധ്യമ സുഹൃത്തിനോട് ഞാൻ ചോദിച്ചു, ഈ വിഭാഗീയത വളർത്തിയതിൽ മാധ്യമങ്ങൾക്കും പങ്കില്ലേ?, അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ചിലപ്പോൾ ഉണ്ടായേക്കാം പക്ഷെ ഇതെല്ലാം വിശകലനം ചെയ്യാനുള്ള കഴിവും, അധികാരവും നമ്മൾ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുന്നു. ചിലർ അത് ഓർക്കാതെ ഇത് തന്നെ ശരി എന്ന് വിശ്വസിച്ചു പുതിയ വാർത്തകൾക്കുള്ള വഴിയൊരുക്കിത്തരുന്നു.” ചുരുക്കത്തിൽ വാർത്തകൾ ചിലതു സംഭവിക്കുന്നു മറ്റുചിലത് ഉണ്ടാക്കപ്പെടുന്നു എന്ന് വേണം വിശ്വസിക്കാൻ.
വാർത്തകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. നമ്മൾ പ്രേക്ഷകർക്കാകട്ടെ പഴയപോലെ ഞെട്ടലുകളൊന്നുമില്ല. എല്ലാം ഒരു വിരൽകൊണ്ട് തോണ്ടി നമ്മൾ ഒന്നിലും ഇടപെടാതെ കടന്നു പോകുന്നു. സ്വയം ചിന്തിക്കേണ്ട സമയം ആണ് നമുക്ക് മുന്നിൽ എന്ന് തോന്നിപ്പോകുന്നു. പരസ്പ്പരം പഴിചാരി നമ്മൾ പോകുന്നതിനു പകരം നമ്മുടെ അറിവും വിജ്ഞയാനാവും എങ്ങിനെ വരും തലമുറയ്ക്ക് ഉപകാരമാകും എന്ന് ചിന്തിച്ചാൽ നല്ലതെന്നെന്നു തോന്നുന്നു. ഒരുപക്ഷെ പത്രത്തിലാണെന്ന ചിന്ത കുറച്ചുനേരത്തേയ്ക്ക് മാറ്റി വായിച്ചതുകൊണ്ടായിരിക്കാം ഇങ്ങിനെയൊക്കെ ചിന്തിക്കാൻ കഴിഞ്ഞതും. ആ വാർത്താ ലോകത്തിലെത്തിയാൽ നമ്മുടെ ചിന്തയും വായനക്കാർക്ക് വേണ്ടി കൂലിവരികൾ നിരത്താൻ ഉപയോഗിക്കുന്നു, വായനക്കാരാകട്ടെ ഒന്നിൽ നിന്നിന്നും ഒന്നിലേക്ക് ചാടാനുള്ള തിരക്കിലും.
വൈരവും, വിദ്വേഷവും, വിവേചനവും ഒരു നിമിഷത്തേക്ക് മറന്നുനോക്കു, നമ്മുക്കുള്ളിലെ ഭാരം കുറഞ്ഞു ജീവിതത്തിൽ നമുക്ക് പലതും ചെയ്യാൻ കഴിയും എന്ന് ബോധ്യമാകും. നിങ്ങളുടെ ഒരു പുഞ്ചിരികൊണ്ടുപോലും മറ്റൊരാൾക്ക് അൽപ്പം ആശ്വാസം പകർന്നിട്ടുണ്ടെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന സുന്ദരമായ ഒരു പ്രവർത്തിയാണ്. സങ്കർഷങ്ങൾ നിറഞ്ഞ മനസ്സുകളെ സുന്ദരമാക്കാൻ നല്ല കാഴ്ചകൾക്കും ചിന്തകൾക്കും കഴിയുന്നു.