കേരളത്തിൽ 5 പേർക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചു

Kerala News

പത്തനംതിട്ടയിലെ ഒരേ കുടുംബത്തിൽ നിന്നുള്ള അഞ്ച് പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേരള ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഞായറാഴ്ച്ച അറിയിച്ചു. ഇതിൽ മൂന്ന് പേർ ഫെബ്രുവരി 29-നു ഇറ്റലിയിൽ നിന്ന് യാത്ര ചെയ്തു വന്നവരാണെന്നും, രോഗം സ്ഥിരീകരിച്ച മറ്റു രണ്ട് പേർ നാട്ടിൽ അതെ കുടുംബാംഗങ്ങളാണെന്നും മന്ത്രി അറിയിച്ചു. ഇറ്റലിയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ ഇവർ എയർപോർട്ടിൽ ഇറ്റലിയിൽ നിന്നുള്ള യാത്രികരാണെന്ന വിവരം മറച്ച് വെച്ചതായും ആരോഗ്യ പരിശോധനകളോട് വിമുഖതകാട്ടിയതായും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ ഇവരുമായി ബന്ധപ്പെട്ടവരെയും, വിമാനത്തിൽ കൂടെ യാത്ര ചെയ്തവരെയും കണ്ടെത്താനും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കുവാനുമുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28-നു രാത്രി ഖത്തർ എയർവേയ്‌സിന്റെ QR 126 വിമാനത്തിൽ വെനീസിൽ നിന്ന് ദോഹയിലേക്കും അവിടെ നിന്ന് പുലർച്ചെ ഖത്തർ എയർവേയ്‌സിന്റെ QR 514 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലേക്കുമാണ് ഇവർ യാത്ര ചെയ്തത്. ഈ വിമാനങ്ങളിൽ യാത്രചെയ്തവരോട് എത്രയും വേഗം അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളെയോ, കേരള ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഹെല്‍ത്ത് ഓഫീസര്‍മാരെയും ബന്ധിപ്പിച്ചിട്ടുള്ള സർക്കാർ സംവിധാനമായ ദിശയുടെ 0471 2552056, 1056 (ടോൾഫ്രീ) നമ്പറുകളിലോ ബന്ധപ്പെടാൻ ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇറ്റലി, ദക്ഷിണ കൊറിയ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നോ കൊറോണാ ബാധ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നോ യാത്രചെയ്തു വരുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരം വിദേശയാത്രകളുടെ വിവരങ്ങൾ മറച്ച് വെക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി കർശന നടപടികൾ കൈക്കൊളളുമെന്ന് ആരോഗ്യമന്ത്രിയും കേരളാ പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച 5 പേരും നിലവിൽ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ ക്വാറന്റീനിൽ നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പത്തനംതിട്ട ജില്ലാകളക്ടർ അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജനങ്ങളിൽ ആശങ്കകളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെയും, നിങ്ങളുടെ ഉറ്റവരുടെയും, നിങ്ങളുടെ സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയെ കരുതി വിദേശങ്ങളിൽ നിന്നും യാത്രചെയ്തു വരുന്നവർ ദയവ് ചെയ്ത്‌ കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പിന്തുടരുക. ഓർക്കുക, ഇത്തരം സുരക്ഷാ നടപടികൾ നിങ്ങളുടെ സുരക്ഷയെ കരുതിയാണ്; നമുക്കും സമൂഹത്തിനോട് ഉത്തരവാദിത്വങ്ങളുണ്ട്.

കേരളത്തിൽ നിന്ന് അഞ്ച് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണാ ബാധ കണ്ടെത്തിയവരുടെ എണ്ണം 39 ആയി.

സ്റ്റേറ്റ് കോവിഡ്-19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി

https://www.facebook.com/kkshailaja/posts/2852942771460352

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252 എന്നീ കോള്‍ സെന്ററിലെ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.