കോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളിലും വ്യാപകമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി.
പാലക്കാട്
ലോകാരോഗ്യ സംഘടന കൊറോണ (കോവിഡ്-19) രോഗത്തെ ഉയര്‍ന്ന സംക്രമണ സാധ്യത ഗണത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഉടനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. വിവരങ്ങള്‍ യഥാസമയം അറിയിക്കാതെ മാറിനില്‍ക്കുന്ന സാഹചര്യം തികച്ചും ആശങ്കാജനകമാണ്. ഇത് സ്ഥിതി സങ്കീര്‍ണമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഡി.എം.ഒ.യുടെ നിര്‍ദ്ദേശം.
വിവിധ പ്രദേശങ്ങളില്‍ നിന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലണ്ട്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കാള്‍ സെന്റ് നമ്പറുകളായ 0491-2505264, 2505189 ല്‍ ബന്ധപ്പെടണം. ഈ സാഹചര്യത്തില്‍ ഓരോരത്തരും തങ്ങളുടെ അറിവിലോ പരിചയത്തിലോ ആരെങ്കിലും രോഗബാധിത രാജ്യങ്ങളില്‍ നിന്നും സമീപകാലത്ത് വന്നിട്ടുണ്ടെങ്കില്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു.
കാസർഗോഡ്
ജില്ലാ മെഡിക്കല്‍ ഓഫീസ്. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണം ഉള്ളവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരേണ്ടതാണന്നും കൊറോണാ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.. എ വി രാംദാസ് അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 9946000493
മലപ്പുറം
കോവിഡ്-19 രോഗബാധ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. രോഗലക്ഷണങ്ങളില്ലെങ്കിലും 28 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം.
ജില്ലയിലിപ്പോള്‍ രണ്ടു പേര്‍ മാത്രമാണ് വീട്ടിലെ പ്രത്യേക നിരീക്ഷണത്തിലുള്ളത്. രോഗബാധയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനു ദിശ ഹെല്‍പ് ലൈന്‍ നമ്പറായ 1056, കണ്‍ട്രോള്‍ സെല്ലിലെ 0471-2552056 എന്ന നമ്പറിലോ ബന്ധപ്പെടണം. ആരോഗ്യജാഗ്രതയുടെ ഭാഗമായി ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. കൈകള്‍ ഇടക്കിടെ സോപ്പിട്ടു കഴുകണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.