പ്രവർത്തി ദിനങ്ങളിലെ വിദ്യാർത്ഥികളുടെ സമയം ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കാൻ സഹായിക്കുന്ന മാറ്റങ്ങളുമായി യു എ യിലെ പൊതു വിദ്യാലയങ്ങൾ. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ ആരംഭിക്കുന്ന ‘മൈ ഒപ്ടിമം ടൈം’ എന്ന പരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നിന്ന് ഗൃഹപാഠങ്ങൾ ഒഴിവാക്കാനും വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളും പഠ്യേതര പ്രവർത്തികളും മികച്ച രീതിയിൽ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ഊന്നൽ നൽകാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതാണിത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അദ്ധ്യയനക്രമത്തിനു കീഴിൽ വരുന്ന എല്ലാ പൊതുവിദ്യാലയങ്ങളിലും അടുത്ത ആഴ്ച്ച മുതൽ ഈ സമ്പ്രദായം നിലവിൽ വരും. അറബിക്, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം മുതലായ വിഷയങ്ങൾക്ക് ഇടവേളയില്ലാത്ത 90 മിനിറ്റു നീളുന്ന ക്ലാസ്സുകളായിരിക്കും ഈ പുതുക്കിയ സമ്പ്രദായത്തിനു കീഴിൽ ഉണ്ടായിരിക്കുക. ഇതിൽ അഞ്ച് മിനിറ്റു നീളുന്ന മാനസിക വികാസത്തിനുള്ള പ്രവർത്തനങ്ങളും, 50 മിനിറ്റ് നീളുന്ന പാഠ ഭാഗങ്ങളും, ബാക്കി സമയം പഠനത്തെ സഹായിക്കുന്ന മറ്റു പ്രവർത്തനങ്ങളും ആയിരിക്കും. നിലവിലുള്ള സ്കൂൾ സമയങ്ങളിൽ മാറ്റം ഉണ്ടാകില്ല.
അബുദാബിയിലെ 233-ഉം ദുബായിലെ 23-ഉം വിദ്യാലയങ്ങളിലടക്കം 256 പൊതുവിദ്യാലയങ്ങളിലാണ് അടുത്ത ആഴ്ച്ച മുതൽ ഈ പുതുക്കിയ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വരിക.