വിദ്യാർത്ഥികൾക്കിടയിലും മറ്റുള്ളവർക്കിടയിലും Covid-19 ബാധയ്ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായിലെ പ്രൈവറ്റ് സ്കൂളുകൾക്കുള്ള കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്മെന്റ് അതോറിറ്റി (KHDA) വിജ്ഞാപനം പുറത്തിറക്കി. കൊറോണാ ബാധയ്ക്കെതിരെ കര്ശനമായ ആരോഗ്യ സുരക്ഷാ നടപടികൾ എടുക്കുന്നതിനു പ്രൈവറ്റ് സ്കൂളുകൾക്ക് നിർദ്ദേശം നൽകുന്നതാണ് ഈ വിജ്ഞാപനം.
ഇതിന്റെ ഭാഗമായി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർത്ഥികളോ അധ്യാപകരോ കൂട്ടായി ഒത്തുകൂടുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്ന എല്ലാ പഠനയാത്രകളും, സ്കൂൾ സമ്മേളനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ പോലുള്ള പരിപാടികളും ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ നേഴ്സറി വിദ്യാലയങ്ങൾ, സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയ്ക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്. ആളുകൾ ഒത്തുചേരുന്നതിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കി അതിലൂടെ രോഗം വ്യാപിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ നടപടി.
സ്കൂളുകളിൽ നിന്നുള്ള യാത്രകൾ, സ്കൂൾ പരിസരത്ത് കുട്ടികൾ ഒത്തുകൂടാൻ സാധ്യതയുള്ള മത്സരങ്ങൾ, ആഘോഷപരിപാടികൾ, മറ്റുവിദ്യാലയങ്ങളിലെ കുട്ടികൾ പെങ്കെടുക്കുന്ന പരിപാടികൾ, അധ്യാപകർ ഒത്തുകൂടുന്ന പരിപാടികൾ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. KHDA മുൻകൂട്ടി അനുമതി കൊടുത്തിട്ടുള്ള യാത്രകളും, പരിപാടികളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. നേരത്തെ Covid-19 സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായ് ഹെൽത്ത് അതോറിറ്റി കൊറോണാ ബാധിത മേഖലകൾ സന്ദർശിച്ച വിദ്യാർത്ഥികളുടെയും, അവരുടെ ബന്ധുക്കളുടെയും കഴിഞ്ഞ 28 ദിവസത്തെ യാത്രാ വിവരങ്ങൾ ശേഖരിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
1 thought on “ദുബായിലെ പ്രൈവറ്റ് സ്കൂളുകൾക്ക് കൊറോണാ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളുമായി KHDA വിജ്ഞാപനം”
Comments are closed.