ദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു. കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിലാണ് തീരുമാനം. രോഗബാധ നിയന്ത്രണവിധേയമാക്കാൻ വേണ്ടി വ്യോമയാനവകുപ്പ് മറ്റു വകുപ്പുകളുമായി ചേർന്ന് എല്ലാ നടപടികളും കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് വന്നിറങ്ങുന്ന എല്ലാ വിമാന യാത്രികരെയും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാകുമെന്നും രോഗ ലക്ഷണങ്ങൾ ഉള്ളവരെ ഉടൻ തന്നെ ഐസോലേഷനിലേക്ക് ചികിത്സയ്ക്കായി മാറ്റുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ കൊറോണാ വൈറസ് ബാധകൾ സ്ഥിരീകരിച്ച മേഖലകളിൽ ഉള്ള ബഹ്റൈൻ പൗരന്മാരോട് +973 17227555 എന്ന നമ്പറിൽ ബന്ധപ്പെടാൻ വ്യോമയാനവകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച ഇറാനിൽ നിന്നും ബഹ്റൈനിലേക്ക് തിരികെ വന്ന ഒരു ബഹ്റൈനി പൗരനു COVID-19 സ്ഥിരീകരിച്ചിരുന്നു.