പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ നിക്ഷേപമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ 30 സംരംഭങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 750 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി പറഞ്ഞു.
മസ്‌ക്കറ്റ് ഹോട്ടലിൽ ഫെസിലിറ്റേഷൻ സെന്ററിന്റെ സഹായത്തോടെ കേരളത്തിൽ സംരംഭങ്ങൾ ആരംഭിച്ചവരുടെ പോസ്റ്റ് ഫെസിലിറ്റേഷൻ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ സംരംഭകത്വ, വാണിജ്യ മേഖലകളിൽ നിക്ഷേപിക്കുക വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. അടിസ്ഥാന സൗകര്യ മേഖലയിൽ 70 കോടി രൂപയുടെയും ഐ.ടി. മേഖലയിൽ 11 കോടി രൂപയുടെയും ടൂറിസം രംഗത്ത് നാലര കോടിയുടെയും നിക്ഷേപമാണ് നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മുഖേന ഇതിനകം നേടാനായത്.
അടിസ്ഥാന സൗകര്യ വികസനത്തിലും വിനോദ സഞ്ചാര മേഖലയിലും കാർഷിക മേഖലയിലുമുള്ള സംരംഭക സാധ്യതകൾ പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ താല്പര്യമുള്ള സംരംഭകർക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകും. പരിസ്ഥിതി സൗഹാർദ്ദവും ഉപഭോക്തൃ സൗഹൃദവുമായ സംരംഭങ്ങൾ ആരംഭിക്കാനാകണം. വ്യക്തിഗത സംരംഭങ്ങൾക്കൊപ്പം സഹകരണാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളുടെ സാധ്യതയും പരിഗണിക്കണം. സംരംഭകർ നേരിടുന്ന തടസ്സങ്ങൾ നീക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ലൈസൻസുകളും അനുമതിയും വേഗത്തിൽ ലഭ്യമാക്കാൻ കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആന്റ് ട്രാൻസ്പരന്റ് ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിൽ 35 ശതമാനം വർധനവുണ്ടായതായും അദ്ദേഹം പറഞ്ഞു. പ്രവാസി സംരംഭക രംഗത്തും വിദേശ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും നോർക്ക റൂട്ട്സ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സംരംഭകർക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് ഫെസിലിറ്റേഷൻ മന്ത്രി വിതരണം ചെയ്തു. സംരംഭകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, ജനറൽ മാനേജർ ഡി. ജഗദീശ്, വി.എൽ മഹേഷ് സുന്ദർ തുടങ്ങിയവർ സംബന്ധിച്ചു.