ന്യൂസിലൻഡ് – സൗജന്യമായി പഴങ്ങൾ ലഭിക്കുന്ന മരങ്ങളുടെ ഓൺലൈൻ മാപ്പുമായി ക്രൈസ്റ്റ്ചർച്ച്

Travel Diaries

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് എന്ന മഹാനഗരത്തിന്റെ താളം തെറ്റിച്ച ദിവസമായിരുന്നു 2011 ഫെബ്രുവരി 22. അന്ന് ഉച്ചയ്ക്ക് 12.51 ഉണ്ടായ വലിയ ഭൂമികുലുക്കം ഈ നഗരത്തെയാകെ പിടിച്ചുലച്ചു. 185 പേർ മരിക്കുകയും, ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ അപകടത്തിന് ശേഷം നഗരം വീണ്ടും പഴയതിലേക്കാളും ഊർജ്ജത്തോടെ വളർന്നു വരുന്ന സമയത്താണ് 2019 മാർച്ച് 15-ന് ഉണ്ടായ വെടിവയ്പ്പ് ആക്രമണം. അന്ന് ഉച്ചയ്ക്ക് ഉണ്ടായ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും, 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ രണ്ടു വലിയ സംഭവങ്ങളിൽ നിന്നെല്ലാം വളരെ പെട്ടന്നാണ് ക്രൈസ്റ്റ്ചർച്ച് നഗരം കരകയറിയത്.

2030-തോടെ ന്യൂസിലൻഡിലെ ഏറ്റവും വലിയ ഹൈടെക് നഗരമായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ക്രൈസ്റ്റ്ചർച്ച് നഗരം. ഭൂകമ്പത്തിൽ നാശമായ റോഡുകളും മറ്റുമെല്ലാം അതിവേഗത്തിലാണ് പുനർനിർമ്മിക്കുന്നത്. ഈ നഗരത്തിന്റെ അത്ഭുതപെടുത്തുന്ന മറ്റൊരു കാര്യമുള്ളത് 400 ഏക്കറുള്ള Hagley പാർക്കാണ്. ക്രൈസ്റ്റ്ചർച്ച് നഗരത്തിന്റെ നടുവിലാണ് ഈ ഓപ്പൺ പാർക്ക് സ്ഥിതി ചെയ്യുന്നത് എന്നുള്ളതാണ് പ്രത്യേകത.

ഇക്കഴിഞ്ഞ ദിവസം ക്രൈസ്റ്റ്ചർച്ച് കൗൺസിൽ പൊതുജനങ്ങൾക്കായി ഒരു ഓൺലൈൻ മാപ്പ് പുറത്തിറക്കിയിരുന്നു. അതിന്റെ പ്രത്യേകത എന്തെന്നാൽ, കൗൺസിലിന്റെ ഉടമസ്ഥതയിൽ ഒരു ലക്ഷത്തിലധികം മരങ്ങൾ ഈ നഗരത്തിലുണ്ട്. വർഷങ്ങൾ കൊണ്ടാണ് കൗൺസിൽ ഇത്രയധികം മരങ്ങൾ വളർത്തിയെടുത്തത്. ഇതിൽ ഏഴായിരത്തോളം മരങ്ങൾ പഴങ്ങൾ, നട്സ് എന്നിവ ഉത്പാദിപ്പിക്കുന്ന മരങ്ങളാണ്. Plum, European beech, Crab apple, Irish strawberry tree, Pear, Walnut, Honey locust, Sweet chestnut തുടങ്ങി 52 തരം ഫലങ്ങൾ ഈ മരങ്ങളിൽ നിന്ന് ലഭിക്കും. ഈ ഫലങ്ങൾ സൗജന്യമായി പൊതുജങ്ങൾക്ക് സ്വന്തം ആവശ്യങ്ങൾക്കായി എടുക്കാം. വേണമെങ്കിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി എടുക്കാം. ജനങ്ങൾ മാന്യത പുലർത്തണമെന്നും, പഴങ്ങൾ പറിക്കുമ്പോൾ മരങ്ങൾക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും, മരങ്ങളെ പരിപാലിക്കണമെന്നും, അടുത്ത ആൾക്കും ലഭ്യമാകുന്ന വിധത്തിൽ ഫലങ്ങൾ എടുക്കണമെന്നും മാത്രമേ കൗൺസിൽ ജനങ്ങളോട് ആവശ്യപ്പെടുന്നുള്ളു.

ലൊക്കേഷൻ അറിയുവാനുള്ള Map Link: – https://smartview.ccc.govt.nz/…

വാർത്ത:- https://www.rnz.co.nz/…/christchurch-free-fruit-and-nut-map…

ജനങ്ങൾക്കായി ഇത്തരം നല്ല കാര്യങ്ങളും, സംവിധാങ്ങളുമൊരുക്കി ക്രൈസ്റ്റ്ചർച്ച് നഗരം സ്മാർട്ട് നഗരമായി മുന്നോട്ടു കുതിക്കുകയാണ്. ന്യൂസിലാൻഡിൽ ഉള്ളവരും, എന്നെങ്കിലുമൊരിക്കൽ ന്യൂസിലാൻഡിൽ വരണമെന്ന് ആഗ്രഹിക്കുന്നവരും തീർച്ചയായും വരേണ്ടതും/വന്നു കാണേണ്ടതുമായ ഒരു നഗരമാണ് ക്രൈസ്റ്റ്ചർച്ച് നഗരം.

ക്രൈസ്റ്റ്ചർചർച്ചിലേക്കു പഠിക്കുവാനായി വരുന്ന ഒരുപാടുപേർ സ്ഥിരമായി ചോദിക്കുന്ന കുറച്ചു ചോദ്യങ്ങളുണ്ട് “അതൊരു നല്ല സ്ഥലമാണോ, ജോലി ഒക്കെ കിട്ടുമോ എന്നൊക്കെ”. ശരിക്കും പറഞ്ഞാൽ ന്യൂസിലാൻഡ് എന്ന മനോഹര രാജ്യത്തിൻറെ മനോഹരമായ ഐലൻഡ് ആയ സൗത്ത് ഐലൻഡിന്റെ ഏകദേശം നടുവിലാണ് ക്രൈസ്റ്റ്ചർച്ച് എന്ന് വേണമെങ്കിൽ പറയാം. ഒട്ടുമിക്ക വിനോദസഞ്ചാരികളുടെ ലിസ്റ്റിൽ ആദ്യസ്ഥാനം സൗത്ത് ഐലൻഡിനാണ് ലഭിക്കുക. ന്യൂസിലാൻഡ് സന്ദർശിക്കണം എന്നാഗ്രഹിച്ചാൽ, അതിൽ ഏറ്റവും കൂടുതൽ പേർ ആദ്യം വരുന്നതും ക്രൈസ്റ്റ്ചർചർച്ചിലാണ്. ഇവിടെ നിന്നാണ് ന്യൂസിലാൻഡ് എന്ന രാജ്യത്തിൻറെ സൗന്ദര്യം ആസ്വദിക്കുവാൻ ഓരോ പ്രദേശങ്ങളിലേക്കും സഞ്ചാരികൾ പോകുക. ക്രൈസ്റ്റ്ചർച്ചിൽ തണുപ്പ് കൂടുതലാണ്, അതൊഴികെ മറ്റൊരു മടിയും കൂടാതെ നിങ്ങൾക്ക് പഠിക്കുവാനോ, ജീവിക്കുവാനോ ക്രൈസ്റ്റ്ചർച്ച് തിരഞ്ഞെടുക്കാം.

Free Fruit and Nut Trees സംവിധാനം, വെല്ലിങ്ങ്ടൺ, ഓക്‌ലാൻഡ്, മാർൽബറോ തുടങ്ങിയ പ്രദേശങ്ങളിലും നടപ്പാക്കുന്നുണ്ട്.

കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali]

Leave a Reply

Your email address will not be published. Required fields are marked *