ഉപഭോക്താക്കളുടെ സാമ്പത്തിക രഹസ്യങ്ങൾ ചോർത്തുന്ന ഇമോട്ടറ്റ് (Emotet) എന്ന ബാങ്കിങ് ട്രോജൻ ആക്രമണങ്ങൾ വീണ്ടും പെരുകി വരുന്നതായി യു എ ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി(TRA), ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
2014 ലാണ് ഈ പ്രോഗ്രാം ആദ്യമായി ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. വ്യാജ ഇമെയിലുകൾ വഴിയാണ് ഇമോട്ടറ്റ് ഉപഭോക്താക്കളെ കുരുക്കിലാക്കാൻ ശ്രമിക്കുന്നത്. നിങ്ങളുടെ കംപ്യൂട്ടറിനെ തകരാറിലാക്കാൻ ശേഷിയുള്ള പ്രോഗ്രാമുകളിലേക്കുള്ള അപകടകരമായ ലിങ്കുകൾ ഉൾകൊള്ളുന്ന ഇത്തരം ഇമെയിലുകൾ വഴിയുള്ള ഇമോട്ടറ്റിന്റെ വ്യാപനം വീണ്ടും കൂടിവരുന്നതായി TRA അറിയിച്ചു.
സാമ്പത്തിക രഹസ്യങ്ങളും, മറ്റു പ്രധാന സ്വകാര്യ വിവരങ്ങളും ചോർത്തുന്നതിന്റെ ഭാഗമായി ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്നോ മറ്റു വിശ്വാസ്യയോഗ്യമായ സ്രോതസ്സുകളിൽ നിന്നോ വരുന്ന സന്ദേശങ്ങൾ എന്ന് തോന്നിക്കുന്ന വ്യാജ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ആക്രമണങ്ങളും വീണ്ടും വ്യാപകമാവുകയാണ്. വാട്ട്സാപ്പ്, സ്നാപ്പ്ചാറ്റ് സന്ദേശങ്ങളും, SMS സന്ദേശങ്ങളും വഴിയാണ് ഇത്തരം ആക്രമണങ്ങൾ. യുഎഇയിലെ നിങ്ങളുടെ ബാങ്കുകളിൽ നിന്നോ, അറിയപ്പെടുന്ന കമ്പനികളിൽ നിന്നോ എന്ന് തോന്നിക്കുന്ന ഇത്തരം സന്ദേശങ്ങളെയും, അവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഇന്റർനെറ്റ് ലിങ്കുകളും അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യുക. ഇത്തരം വ്യാജ സന്ദേശങ്ങളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യതയെ ബാധിക്കാം.
നിങ്ങളുടെ കംപ്യൂട്ടറിലെ ഓപറേറ്റിങ് സിസ്റ്റം എപ്പോളും പുതുക്കുകയും, മതിയായ സുരക്ഷാ പ്രോഗ്രാമുകൾ കംപ്യൂട്ടറിൽ സ്ഥാപിക്കുകയും ചെയ്യുന്നത് ഇത്തരം അപകടങ്ങളെ ഒരു പരിധി വരെ തടയാൻ സഹായിക്കും. അതോടൊപ്പം നിങ്ങൾക്ക് സംശയമുള്ള സന്ദേശങ്ങളെയും അതിൽ ഉള്ള ഫയലുകളും, ലിങ്കുകളും ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതും ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ അനിവാര്യമാണ്.
നിങ്ങൾക്ക് സുരക്ഷിതമായി കമ്പ്യൂട്ടർ ഉപയോഗിക്കണോ? എങ്കിൽ പ്രവാസിഡൈലി.കോം നിങ്ങൾക്കായി ഒരു കമ്പ്യൂട്ടർ സുരക്ഷാ ചെക്‌ലിസ്റ് അവതരിപ്പിക്കുന്നു.